ബ്ലാക്ക് ലിവ്‌സ് മേറ്റേഴ്‌സ്: അമേരിക്കൻ മനുഷ്യാവകാശ സംഘം മാറ്റത്തിൻ്റെ ഏജൻ്റുമാർ

എക്സിക്യുട്ടിവ് എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു

മാറ്റം കാലത്തിൻ്റെ അനിവാര്യത. മാറ്റത്തിനായുള്ള മുറവിളി ഏറിയും കുറഞ്ഞുമാകും. വ്യവസ്ഥാപിത പ്രവർത്തന ഘടനയിലും സാംസ്കാരിക മൂല്യങ്ങളിലും മാതൃകയിലും കാലാനുസൃതമായി മാറ്റം സ്യഷ്ടിക്കപ്പെടുമ്പോഴാണ് സാമൂഹിക മാറ്റം പ്രതിഫലിക്കുക. സുപ്രധാന മാറ്റമെന്നതിലൂടെ

സാമൂഹ്യശാസ്ത്രജ്ഞർ അർത്ഥമാക്കുന്നത് ആഴത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ്. ചില ആകസ്മിക സംഭവങ്ങൾ പ്രവർത്തന രീതികളുടെ പരിവർത്തിന് നാന്ദി കുറിക്കുന്നുവെന്നത് കാണാം.

ലോകത്തിലെ ഏറ്റവും വലിയ ഉദാര ജനാധിപത്യമെന്നാണ് അമേരിക്കൻ ജനാധിപത്യം വിശേഷിപ്പിക്കപ്പെടുന്നത്. വിശേഷിപ്പിക്കപ്പെടുമ്പോലുള്ള ഉദാരത പക്ഷേ ഈ ജനാധിപത്യ വ്യവസ്ഥയിൽ പ്രകടിതമാകുന്നുണ്ടോയെന്നത് വാദ – പ്രതിവാദ വിഷയമാണ്. അമേരിക്കൻ ജനാധിപത്യത്തിൻ്റെ ഉദാരത നിശ്ചയിക്കപ്പെടുന്നതിലും അനുവദിക്കപ്പെടുന്നതിലും മനുഷ്യ ശരീരത്തിൻ്റെ നിറം മാനദണ്ഡമാക്കപ്പെടുന്ന വ്യവസ്ഥാപിത ഘടന. ഇതിൽ നിന്നൊരു പരിവർത്തനത്തിൻ്റെ പാത സാവധാനമെങ്കിലും അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരുടെ മുൻകയ്യിൽ തുറക്കപ്പെടുന്നതിൻ്റെ ശുഭസൂചനകൾ പ്രത്യക്ഷപ്പെടുന്നുവെന്നത് ശ്രദ്ധേയം – പ്രത്യേകിച്ചും ‘ബ്ലാക്ക് ലിവ്സ് മേറ്റർ ക്യാമ്പയ്ൻ’ ഉയർന്നു വന്നിട്ടുള്ള സമകാലിക സാഹചര്യത്തിൽ.

നിരായുധികരിക്കപ്പെടേണ്ട പൊലിസ്

സാമൂഹിക മാറ്റത്തിൻ്റെ ധ്വനിയുർത്തി അമേരിക്കൻ പൊലിസ് സേനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കടിഞ്ഞാണിടുന്നതിൻ്റെ ആവശ്യകത ശക്തിപ്പെടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘകരായിമാറിയിട്ടുള്ള പൊലിസിനെ നിരായുധികരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ അമേരിക്കൻ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയം. രാജ്യത്തെ മനുഷ്യാവകാശ – സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരാണ് കോൺഗ്രസ് ആംഡ് സർവ്വീസ് കമ്മറ്റിക്ക് 2020 ജൂൺ 30 ന് സമർപ്പിക്കപ്പെട്ട നിവേദനത്തിൽ ഒപ്പുവച്ചിട്ടുള്ളത്.


മിനിയ പൊളിസ് പൊലിസ് കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡ്. ഇതിനെതിരെയുള്ള പ്രതിഷേധാരവങ്ങളും കലാപങ്ങളും കെട്ടടങ്ങുo മുമ്പേ അറ്റ്ലാൻ്റ പൊലിസ് കറുത്ത വർഗക്കാരൻ യുവാവ് റഷാർഡ് ബ്രൂക്കിൻ്റെ ജീവനെടുത്തു. ഫ്ലോയിഡിൻ്റെ നിഷ്ഠൂര കൊലപാതകത്തിന് ശേഷം പ്രതിഷേധത്തിൻ്റെ ഇടിമുഴക്കത്തിൽ

അമേരിക്കൻ തെരുവുകൾ ഞെട്ടിവിറങ്ങലിച്ചു. വർണ വിവേചനത്തിനെതിരെയുള്ള കൂട്ടായ പ്രതിഷേധങ്ങൾ വെളുത്ത പക്ഷത്തെ തെല്ലൊന്നുമല്ല അലട്ടിയത്. പ്രസിഡൻ്റ് ട്രമ്പിൻ്റെ വാക്കുകളും പ്രവർത്തികളുമാകട്ടെ കറുത്തപക്ഷ പ്രതിഷേധക്കാരെ പ്രകോപിതരാക്കി. പ്രകോപനങ്ങളിലേക്ക് തള്ളി നീക്കപ്പെട്ട പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചൊതുക്കുകയെന്നതായി പൊലിസ്. കൂട്ടിവയ്ക്കപ്പെട്ടിരുന്ന അത്യാധുനിക ആയുധ സന്നാഹങ്ങളോടെ പൊലിസ് പ്രതിഷേധക്കാരെ മൃഗീയമായി നേരിട്ടു. ഇതാകട്ടെ വർണവെറിക്കെതിരായ കൂട്ടായ മുന്നേറ്റങ്ങൾ അടിച്ചമർത്തപ്പെടുന്നതിൻ്റെ മറ്റൊരു കറുത്ത അദ്ധ്യായമായി.

നിയമപാലകരാൽ വർണവിവേചനത്തിൻ്റെ ഇരകളുടെ പട്ടിക കനംവയ്ക്കുക്കുകയാണ്. ഈയൊരു അശുഭകര സാഹചര്യം പൊലിസ് സേനയെ നിരായുധികരിക്കുകയെന്ന മനുഷ്യാവകാശ കൂട്ടായ്മയുടെ നിവേദനത്തെ ഏറെ പ്രസക്തമാക്കുകയാണ്‌. പ്രസ്തുത നിവേദനത്തിലൂടെ സാമൂഹിക പരിവർത്തനത്തിന് പാതയൊരുങ്ങുന്നതിൻ്റെ സാധ്യതയാണ് തെളിയുന്നത്. വ്യവസ്ഥാപിത രീതികൾ നിറത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യജീവനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നു. ഇത്തരം ഭരണക്കൂട തിന്മകൾ സാമൂഹികമായ ശ്വാസംമുട്ടൽക്കൂടിയാണ്. അതിൽ നിന്ന് കുതറിമാറുന്നതിൻ്റെ സാധ്യതകൾ സാവധാനമെങ്കിലും ഉയർന്നുവരുന്നിടത്താണ് സാമൂഹിക മാറ്റത്തിൻ്റെ ചെറുതെങ്കിലുമായ സൂചനകൾ ഉയിർകൊള്ളുന്നത്.

അമേരിക്കൻ ഫെഡറൽ പൊലിസ് സേനയെ ആയുധവൽക്കരിക്കുന്നത് ‘1033 പ്രോഗ്രാം’ പ്രകാരമാണ്. പ്രതിരോധവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഈ പ്രോഗ്രാം അനുസരിച്ചാണ്. പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികകളായ പൊലിസ് സേനയുൾപ്പെടെയുള്ളവയ്ക്ക് ആയുധമെത്തിക്കുന്നത്. ദേശീയ സൈനികാവശ്യത്തിലധികം വരുന്ന ആധുനിക ആയുധശേഖരങ്ങളാണ് ഈ പ്രോഗ്രാമിലൂടെ രാജ്യത്തെ നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറ്റംചെയ്യപ്പെടുന്നത്. ഈ ആയുധവൽക്കരണ പ്രോഗ്രാം അവസാനിപ്പിച്ച് പൊലിസ് സേനയെയുൾപ്പെടെ നിരായുധികരിക്കുകയെന്നതാണ് യുഎസ് കോൺഗ്രസിന് സമർപ്പിക്കപ്പെട്ട നിവേദനത്തിൻ്റെ മുഖ്യ ഉള്ളടക്കം.

1997ലെ നാഷണൽ ഡിഫൻസ് ഓഥറൈസേഷൻ ആകട് പ്രകാരമാണ് 1033 പ്രോഗ്രാം. ഇതനുസരിച്ച് കവചിത വാഹനങ്ങൾ, റൈഫിളുകൾ, വിമാനം തുടങ്ങിയ ആയുധശേഖരം കൈമാറ്റം ചെയ്യപ്പെടുന്നു. 7.4 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന മിലിട്ടറി ഉപകരണങ്ങളും സാധനങ്ങളും 8000 ലധികം നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്.

മിഷ്യേൽ ബ്രൗൺ

2014 ആഗസ്തിൽ 18 ക്കാരനായ കറുത്ത വർഗക്കാരൻ മൈക്കൽ ബ്രൗൺ കൊല്ലപ്പെടുന്നു. വർണവെറിപൂണ്ട മിസോറി ഫെർഗൂസണിലെ ഒരു പൊലിസുക്കാരാൻ്റെ നിറതോക്കാണ് അകാലത്തിൽ മിഷ്യേൽ ബ്രൗണിൻ്റെ ജീവനെടുത്തത്. ഇതേറെ ഒച്ചപ്പാടുണ്ടാക്കി.


അതോടെയാണ് 1033 പ്രോഗ്രാം ദേശീയ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അമേരിക്കൻ കോൺഗ്രസ് ഇത് പരിഷ്കരിക്കാനോ അവസാനിപ്പിക്കാനോ ശ്രമിച്ചു, ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ശ്രമം പക്ഷേ പൊലിസ് പിന്നെയും ആയുധവൽക്കരിക്കപ്പെടുന്നതിലാണ് കലാശിച്ചത് – പ്രത്യേകിച്ചും വർണവിവേചന പ്രയോക്താക്കൾക്ക് കരുത്ത് പകർന്ന് !

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനോ പൊലിന് സുരക്ഷ മെച്ചപ്പെടുത്തുന്നതിനോ 1033 പ്രോഗ്രാം ഫലപ്രദമല്ലെന്നാണ് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നുത്. പ്രോഗ്രാമിലെ ഗുരുതരമായ പിശകുകൾ ചൂണ്ടി കാണിച്ച് 2015 ൽ പ്രസിഡന്റ് ഒബാമ എക്സിക്യൂട്ടീവ് ഉത്തരവ് ( നമ്പർ:13688) പുറപ്പെടുവിച്ചു. പ്രോഗ്രാമിലെ ആശങ്കകൾ പരിഹരിക്കുന്നതിന് നിയമനിർമ്മാണ നടപടിയാണ് എക്സിക്യൂട്ടീവ് ഉത്തരവുകളല്ലെന്ന് പ്രസിഡൻ് ഒബാമയുടെ ഉത്തരവ് അടിവരയിട്ടിരുന്നു. പക്ഷേ ഉത്തരവിന്മേൽ കാര്യമാത്രമായ നടപടികളുണ്ടായില്ലെന്ന ഖേദകരമായ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ ബഹിർസ്ഫുരണമാണ് ഇപ്പോഴും അരങ്ങേറികൊണ്ടിരിക്കുന്ന പൊലിസധിഷ്ഠിത വർണവെറിയുടെ ക്രൂരതകൾ.

സൈനിക ഉപകരണങ്ങൾ തെരുവുകളിലും കമ്മ്യൂണിറ്റികളിലും വ്യാപകമായി വിന്യസിയ്ക്കപ്പെടുന്ന കാഴ്ച. ആയുധവൽക്കരിപ്പെട്ട പൊലിസ് സേന തെരുവുകളെ യുുദ്ധ മേഖലകളാക്കിമാറ്റുന്നു. യുദ്ധായുധങ്ങൾക്ക് സാധാരണ ജനസഞ്ചയത്തിനിടയിൽ സ്ഥാനമില്ല. എന്തിനധികം അത്യന്താധുനിക ആയുധങ്ങളാൽ സജ്ജമാക്കപ്പെട്ടിട്ടുള്ള നിയമ നിർവ്വഹണ ഏജൻസികൾ അക്രമത്തിൻ്റെ ഏജൻസികളാകുന്നതിൻ്റെ തെളിവുകൾ ദിനേനയെന്നോണ മേറുകയാണ്. അതിനാൽ അമേരിക്കൻ ജനാധിപത്യത്തിൻ്റെ ഉദാരതക്കുമേൽ കളങ്കം ചാർത്തുന്നതിന് ഹേതുവായ പ്രതിരോധ വകുപ്പ് 1033 പ്രോഗ്രാം കർശനമായി അവസാനിപ്പിക്കുുകയെന്നതാണ് മനുഷ്യാവകാശ കൂട്ടായ്മയുടെ അഭ്യർത്ഥന. അമേരിക്കൻ നിയമ നിർമ്മാതക്കൾ ഇത് മാ നിയ്ക്കുമോയെന്നതാണ് ലോകമാസകലമുള്ള മനുഷ്യാവകാശ സംഘടനകൾ ഉറ്റുനോക്കുന്നത്. മനുഷ്യ നന്മയിലധിഷ്ഠിതമായ ഈ അഭ്യർത്ഥന സാമൂഹിക മാറ്റത്തിൻ്റെ നവീന അദ്ധ്യായമായിമാറട്ടെയെന്നാണ് ലോകത്തെ കറകളഞ്ഞ ജനാധിപത്യ വിശ്വാസികൾ ആശിയ്ക്കുന്നത്.