ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് അവസാനം നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.
നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കും. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27-ലേക്കും മാറ്റി. ജൂലൈ 18 മുതല്‍ 23 വരെ ജെഇഇ മെയിന്‍ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷാ കണക്കിലെടുത്താണ് പരീക്ഷാ തീയതികള്‍ മാറ്റിയതെന്ന് രമേശ് പൊഖ്റിയാല് ട്വിറ്ററില്‍ അറിയിച്ചു.
പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അദ്ധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
കോവിഡ് സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടുന്നത്.