ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ചൈന. സ്ഥിതിഗതികള്‍ വഷളാക്കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുന്നെത് ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ഷവോ ലിജിയാന്‍. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാവോ. ഇന്ന് രാവിലെയാണ് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. ലെയില്‍ എത്തിയ മോദി നിമുവിലെ ഫോര്‍വേഡ് പോസ്റ്റ് സന്ദര്‍ശിക്കുകയും സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നാരാവനേ തുടങ്ങിയവരും മോദിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഗാല്‍വന്‍ മേഖലയില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 20 ജവാന്മാര് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തുന്നത്.