കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൻ്റെ പശ്ചാത്തലത്തിൽ കാസ്റ്റിംഗ് ഏജൻസികൾക്കും ഓഡിഷൻ സെൻ്ററുകൾക്കുമുള്ള മാർഗനിർദ്ദേശങ്ങൾ ഫെഫ്ക പുറത്തിറക്കി. കാസ്റ്റിംഗ് ഏജൻസികൾ ഫെഫ്കയിൽ രജിസ്റ്റർ ചെയ്യണം. കാസ്റ്റിംഗുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ വിമൻസ് വിങിനെ അറിയിക്കാം. കാസ്റ്റിംഗ് കോളുകളുടെ ആധികാരികതയും ഈ നമ്പരിലൂടെ അറിയാം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫെഫ്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സിനിമയിൽ അവസരം നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ആളുകളെ പലവിധത്തിൽ ചൂഷണം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ ഓർമ്മപ്പെടുത്തി.
പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിംഗുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസ്വുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ്. +91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.
ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിർമ്മിക്കുന്നുണ്ട്. പ്രശസ്ത യുവ അഭിനേത്രി അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ ജോമോൻ ടി ജോൺ ആണ്. കൊവിഡ് 19 ന്റെ വ്യാപനം തടയാൻ ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക .
ഒപ്പം, കാസ്റ്റിംഗ് ഏജൻസികളും കാസ്റ്റിംഗ് ഡയറക്ടേഴ്സിനുമായി ഫെഫ്ക പ്രത്യേക രജിസ്റ്റ്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. ഫെഫ്കയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കാസ്റ്റിംഗ് ഏജൻസികളുടേയും കാസ്റ്റിംഗ് ഡയറക്ടറുടെയും പൂർണ്ണവിവരങ്ങൾ പ്രൊഡ്യുസേർസ്സ് അസ്സോസിയേഷൻ, അമ്മ, ഡയറക്റ്റേർസ്സ് യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യുറ്റൈവ്സ് യൂണിയൻ എന്നീ സംഘടനകൾക്ക് കൈമാറും. ഓഡിഷനും കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങൾക്ക് വലിയ തോതിൽ തടയിടാൻ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.