കൊച്ചി: കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വര്‍ദ്ധനവു മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ സൂം വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഏര്‍പ്പെടുത്തി. സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി 90 ദിവസത്തെ ഒരു പ്രോഗ്രാം കമ്പനി തുടങ്ങിയിരുന്നു.
സൂം 5.0 അടക്കമുള്ള 100ഓളം പുതിയ ഫീച്ചറുകളാണ് സൂം പുതിയതായി അപ്ഡേറ്റ് ചെയ്തത്. സൂം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. മാറ്റങ്ങളുടെ ഭാഗമായി കമ്പനിയുടെ ഉപാധികളും നിബന്ധനകളും കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്. സൈബര്‍ ലോകത്തെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്ന ബഗ് ബൗണ്ടി കൈകാര്യം ചെയ്യുന്നതിനായി പുതിയ ഒരു മേധാവിയെയും കൂടാതെ ആപ്പ്സെക് എഞ്ചിനീയര്‍മാരെയും നിയമിച്ചു. അപകട സാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ സെക്യൂരിറ്റി എഞ്ചിനീയര്‍മാരെ ഉടന്‍ നിയമിക്കുമെന്നു സൂം സിഇഓ എറിക് യുവാന്‍ പറഞ്ഞു.
സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 36 മുന്‍നിര ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ (സിഐഎസ്ഓ) അടങ്ങുന്ന ഒരു സിഐഎസ്ഓ കൗണ്‍സില്‍ സൂം ആരംഭിച്ചു. സെക്യൂരിറ്റി ടെസ്റ്റിങ് നടത്തുന്ന മികച്ച കമ്പനികളുമായി കൂടിച്ചേര്‍ന്ന് സൂം ആപ്പിന്റെ വൈറ്റ് ബോക്സ് പെനട്രേഷന്‍ ടെസ്റ്റുകളും ഇതിനകം കമ്പനി നടത്തി. ഉപഭോക്താക്കള്‍ക്ക് അപ്ഡേറ്റുകള് നല്‍കുന്നതിനായി ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ ബുധനാഴ്ചകളിലും വിദഗ്ധരടങ്ങുന്ന വെബിനാര്‍ നടത്തിയിരുന്നു. ജൂലൈ 15 വരെ ഇത് തുടരും പിന്നീടിത് പ്രതിമാസ രീതിയിലാക്കുമെന്നും എറിക് യുവാന്‍ പറഞ്ഞു.