കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന നാല് പ്രവാസികള്‍ അറസ്റ്റിൽ. അറസ്റിലായവരിൽ രണ്ട് സ്ത്രീകളുമുൾപ്പെടുന്നു. 210 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും മൂന്ന് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരിൽ നിന്ന് പിടിച്ചെടുത്തു. അല്‍ ഖുസൗറിലാണ് സംഭവം.
ബാഗുമായി നടന്നുപോവുകയായിരുന്ന ഒരാള്‍ മുബാറക് അല്‍ കബീറിലെ സെക്യൂരിറ്റി പട്രോളിങ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്ക് ചെന്നപ്പോള്‍ ബാഗ് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്ന്ന് പിടികൂടി. നാല് കുപ്പി മദ്യം ഇയാളുടെ ബാഗിൽ നിന്നും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യനിര്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.