ജനീവ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ (ഡിആർസി) നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ ആശങ്കയറിച്ച് യുഎന്‍ ഹൈക്കമ്മീഷന്‍. ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഡിആര്‍സിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പലായനം ചെയ്തത് ഒരു ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളാണെന്നാണ് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷന്‍ (യുഎൻഎച്ച്‌സിആർ) സൂചിപ്പിക്കുന്നത്. പൗരന്മാര്‍ക്കെതിരെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങളെ യുഎന്‍ ശക്തമായി അപലപിക്കുകയും ചെയ്തു.
പലായനം ചെയ്ത സംഘങ്ങള്‍ അഭയം കണ്ടെത്തിയ ഗ്രാമങ്ങളില്‍ കഴിഞ്ഞ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നിരവധി തവണ ആക്രമണം നടന്നതായി യുഎൻഎച്ച്‌സിആർ വ്യക്തമാക്കുന്നു. ഇറ്റൂറി പ്രവിശ്യയിലുള്ള ജുഗു, കിവു പ്രവിശ്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ വ്യാപകം.
ലൈംഗികാതിക്രമങ്ങള്‍, കൊള്ള, ശാരീരിക പീഡനം തുടങ്ങി സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഡിആര്‍സിയില്‍ ആഭ്യന്തര കടിയേറ്റക്കാര്‍ ഭക്ഷണമോ വെള്ളമോ കൃത്യമായ ആരോഗ്യ പരിരക്ഷയോ ലഭിക്കാതെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും യുഎന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ പോലീസിനെയും, സൈന്യത്തെയും വിന്യസിക്കണമെന്ന് യുഎൻഎച്ച്‌സിആർ, ഡിആര്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഭൂരിപക്ഷമുള്ള ആഭ്യന്തര അഭയാര്‍ത്ഥികള്‍ക്കുള്ള, ദുരിതാശ്വാസ സഹായം നല്‍കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.
കോംഗോയുടെ തലസ്ഥാന നഗരമായ കിൻഷാസയിൽ നിന്ന് ഏകദേശം 2000 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഡിആർസി ആഫ്രിക്കയിലെ യുദ്ധഭീതിത പ്രദേശങ്ങളില്‍ ഒന്നാണ്. 1990 കളിൽ അയൽരാജ്യമായ ഉഗാണ്ടയിൽ നിന്ന് ഉത്ഭവിച്ച മുസ്‌ലിം പ്രസ്ഥാനമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എ.ഡി.എഫ്) അധീനതയിലാണ് വടക്കന്‍ കിവു. അതെസമയം, ലെൻഡു, ഹേമ സമുദായങ്ങൾ ഉൾപ്പെടുന്ന ഇറ്റൂറി, വംശീയ അതിക്രമങ്ങളുടെ പോരാട്ട നിലമാണ്.