ഉപയോക്താക്കൾക്കായി പുതിയ സവിശേഷത അവതരിപ്പിച്ച് ഫേസ്ബുക്ക്. അവതാർ എന്ന പേരിൽ സ്വന്തം രൂപത്തിന്റെ കാർട്ടൂൺ പതിപ്പ് നിർമ്മിക്കാനുള്ള ഒരവസരമാണ് ഫേസ്ബുക്ക് ഇന്ത്യൻ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്.
സ്വന്തം രൂപത്തിന്റെ കാർട്ടൂൺ പതിപ്പ് ആവിഷ്കരിച്ച അവതാറിന്റെ സാന്നിധ്യം ചൊവാഴ്ചയാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഓരോരുത്തരുടെ പ്രൊഫൈലിലും അവതാറിന്റെ മുഖങ്ങളാണ് കാണാൻ സാധിക്കുന്നത്. ഉപയോക്താക്കൾ സ്വന്തമായി തയാറാക്കുന്ന രൂപമായതുകൊണ്ടു പലരും അവതാർ പരീക്ഷിച്ച് നോക്കുന്നുണ്ട്. ടൈംലൈനുകളില് അവതാർ രൂപങ്ങൾ നിറയുകയാണ്.
ഉപയോക്താക്കൾ സ്വന്തമായി തയ്യാറാക്കേണ്ട രൂപമാണ് അവതാർ. അതുകൊണ്ട് തന്നെ ലഭിക്കുന്ന രൂപത്തിന് അവരവർ തന്നെയാവും ഉത്തരവാദികൾ. മുഖം, സ്കിൻടോൺ, ഹെയർ സ്റ്റൈലുകൾ, വസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ കസ്റ്റമൈസേഷൻ സൗകര്യം അവതാറിൽ ലഭ്യമാണ്. ഇന്ത്യൻ വേഷങ്ങളും, ഹിന്ദി ഡയലോഗുകളുമൊക്കെ ലഭിക്കും.
മുഖത്തിന്റെ സവിശേഷതകൾ, കണ്ണ്, മൂക്ക്, ചുണ്ട്, പുരികം, ശരീര പ്രകൃതി, തൊപ്പി, കമ്മൽ എന്നീ ഘടകങ്ങൾ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഴിയും. ഓരോ ഉപയോക്താക്കൾക്കും കൗതുകകരമായ ഒരു ഡിജിറ്റൽ വ്യക്തിത്വം നല്കാൻ സാധിക്കുമെന്നും ഫേസ്ബുക്ക് റിപ്പോർട്ടുകൾ പറയുന്നു.
അവതാർ നിർമ്മിക്കുന്നതോടെ കമൻ്റ് ബോക്സുകളിൽ ഈ അവതാർ ഉപയോഗിച്ചു കൊണ്ടുള്ള സ്റ്റിക്കറുകളും പോസ്റ്റ് ചെയ്യാനാവും. ഫേസ്ബുക്ക് കമ്മന്റ്സ്, സ്റ്റോറികൾ, അവരുടെ പ്രൊഫൈൽ ഫോട്ടോ, ഫേസ്ബുക്ക് മെസേഞ്ചർ ചാറ്റ് എന്നിവയിൽ അവതാർ പോസ്റ്റ് ചെയ്യാനും, വാട്ട്സ്ആപ്പ് ചാറ്റുകളിൽ പങ്കിടാനും കഴിയും. നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്തക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ഏറെ വൈകാതെ ഐഒഎസ് ഉപയോക്താക്കൾക്കും അവതാർ ലഭ്യമായിത്തുടങ്ങും.
അവതാർ സൃഷ്ഠിക്കേണ്ടതിനായി ചെയ്യേണ്ടത്:
ഫേസ്ബുക്ക് ആപ്പ് തുറക്കുക, വലതുവശത്തെ മൂന്ന് വരകളിൽ (മെനു) ക്ലിക്ക് ചെയ്യുക. സീ മോർ ക്ലിക്ക് ചെയ്യുക. അവതാർസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇനി കസ്റ്റമൈസ് ചെയ്ത് തുടങ്ങാം. സ്കിൻ ടോൺ, ഹെയർസ്റ്റൈൽ, ഹെയർ കളർ, മുഖത്തിൻ്റെ രൂപം, രീതി, കണ്ണ്, പുരികം, കണ്ണട, മൂക്ക്, ചുണ്ട്, താടിമീശ, ശരീര പ്രകൃതി, വസ്ത്രം, തൊപ്പി, കമ്മലും മറ്റും. ഇത്രയുമാണ് കസ്റ്റമൈസേഷനിൽ ഉള്ളത്.