ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ എന്ന ക്രീമിന്റെ ആവശ്യകതയെന്താണെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമി. വര്‍ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ‘ഫെയര്‍ ആന്‍ഡ് ലവ്ലി’യുടെ പരസ്യങ്ങളെന്നും സമി ചൂണ്ടിക്കാട്ടി. യുഎസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെ ലോകമെമ്പാടും വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനു പിന്നാലെ ക്രിക്കറ്റിലും വര്‍ണവിവേചനമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരെന്‍ സമി. ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ താനും വര്ണവിവേചനത്തിന് ഇരയായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഔട്ട്ലുക്കിന് അനുവദിച്ച അഭിമുഖത്തിലാണ് സമി ഇക്കാര്യം തുറന്നു പറഞ്ഞത്.
സ്നേഹിക്കാന്‍ കൊള്ളാവുന്നവര്‍ വെളുത്തവരാണെന്നാണ് നിങ്ങളുടെ ഫയര്‍ ആന്റ് ലൗലി പരസ്യം പറയുന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത്തരം ഉല്‍പ്പന്നത്തിന് നാല്പത് വര്‍ഷത്തോളം പിടിച്ചു നില്ക്കാനായതില് അത്ഭുതമുണ്ടെന്ന് ഡാരന്‍ സമ്മി പറഞ്ഞു.