അറബ് വസന്തത്തിൻ്റെ ഇടിമുഴക്കത്തെ തുടർന്നുണ്ടായ ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ സിറിയക്ക് അന്താരാഷ്ട്ര സമൂഹത്തിൻ്റെ കൈതാങ്ങ്. 7.7 ബില്യൺ യുഎസ് ഡോളർ മാനുഷിക സഹായവുമായാണ് അന്താരാഷ്ട്ര സമൂഹം സിറിയയുടെ രക്ഷയ്ക്കെത്തിയിട്ടുള്ളത്.
ഐക്യഷ്ട്രസഭ – യൂറോപ്യൻ യൂണിയൻ സംയുക്ത വെർച്ച്വൽ കോൺഫ്രൻസിലായിരുന്നു സഹായധന വാഗ്ദാനം. കോൺഫ്രൻസിൽ 60 ഓളം സർക്കാർ പ്രതിനിധികളും അനൗദ്യോഗിക ഏജൻസികളും പങ്കെടുത്തു.
കോവിഡ് മഹാമാരി സൃഷ്ടിച്ച ഗുരുതര പ്രതിസന്ധിയിലകപ്പെട്ട് ലോകം ഒന്നടങ്കം നട്ടംതിരിയുകയാണ്. അപ്പോൾപോലും കടുത്ത പട്ടിണിയോടൊപ്പം കോവിഡ്- 19 തകർത്ത് തരിപ്പണമാക്കിയ സിറിയൻ ജനതക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട സമൂഹം സന്നദ്ധരായിയെന്നത് പ്രത്യേകം ശ്രദ്ധേയമായി.
1.58 ബില്യൺ യൂറോ (1.78 ബില്യൺ യുഎസ് ഡോളർ) വാഗ്ദാനം ചെയ്ത ജർമ്മനിയാണ് ധനസഹായ വിഹിതത്തിൽ ഒന്നാമത്. 100 മില്യൺ യുഎസ് ഡോളർ സംഭാവന ചെയ്ത് ഖത്തറാണ് തൊട്ടടുത്ത്. ഭക്ഷണം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിവയ്ക്കായാണ് ഈ ധനസഹായം വിനിയോഗിക്കുക.
ആഭ്യന്തര യുദ്ധം രാജ്യത്ത് വാരിവതറിയത് കൊടിയ പട്ടിണി. കുട്ട പാലായനം. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങൾ. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ. ഇതിനടെയാണ് മറ്റു രാഷ്ട്രങ്ങളിലെന്നപോലെ കോവിഡ്- 19 മഹാമാരി സിറിയക്ക് കൂനിന്മേൽ കുരുവായത്.
ആഭ്യന്തര യുദ്ധത്തിൻ്റെ പത്താം വർഷത്തിലാണ് സിറിയ. യുദ്ധം ലക്ഷക്കണക്കിന് ജീവനുകളെടുത്തു. ദശലക്ഷക്കണക്കിന് ജനങ്ങൾ കൂട്ട പാലയനങ്ങൾക്ക് വിധേയരായി. ഒപ്പം ഭക്ഷ്യവസ്തുക്കളുടെ വിലയും കൊറോണ വൈറസ് പ്രതിസന്ധിയും സിറിയൻ ജനതയുടെ ജീവിതം തീർത്തും നരക തുല്യമാക്കപ്പെട്ടു. ഈ വേളയിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ധനസഹായം സിറിയൻ ജനതക്ക് വലിയൊരാശ്വാസമാകും.