എക്സിക്യുട്ടീവ് എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു
ലഡാക്ക് അതിർത്തി മേഖലയിൽ ഇന്ത്യൻ ജവാന്മാർ കൊല ചെയ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന അതിർത്തി തർക്കം വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുന്നു. ടെലികോo വികസനവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുവാനുള്ള
ചൈനീസ് കരാറിൽ നിന്ന് പിന്മാറുവാൻ സർക്കാർ – സ്വകാര്യ ടെലികോം സ്ഥാപനങ്ങളോട് കേന്ദ്ര ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. റയിൽവേ വികസനത്തിനായി ചൈനയുമായുള്ള 471 കോടിയുടെ ഇറക്കുമതി കരാറും വേണ്ടെന്നു വച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യത്ത് 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിക്കുവാനുള്ള തീരുമാനം. ഇന്ത്യയുടെ ഈ തീരുമാനങ്ങളും ഒപ്പം സംഘപരിവാർ സംഘടനകളുടെ ചൈനീസ് ഉല്പപന്ന ബഹിഷ്ക്കരണാഹ്വാനവുമാണ് ഇരു രാഷ്ട്രങ്ങൾക്കിടയിൽ വാണിജ്യ – വ്യാപാര യുദ്ധാന്തരീക്ഷത്തിന് കാരണമായി വർത്തിച്ചിട്ടുള്ളത്.
ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന വേളയിൽ സൈനീക നടപടികളിലൂടെ ചൈനക്ക് തിരച്ചടി നൽകുക. ഈ ദിശയിൽ ഇന്ത്യ കോപ്പുകൂട്ടുന്നുണ്ടുതാനും. അപ്പോൾപോലും ചൈനക്കെതിരെ സൈനീക നടപടിയിലൂടെ പൊടുന്നനെ യുദ്ധം അതല്ലെങ്കിൽ വ്യാപാര യുദ്ധം ക്ഷണിച്ചുവരുത്തുകയെന്നത് രാജ്യത്തിന് ദുഷ്കരമാകുമെന്ന വസ്തുത അവശേഷിക്കുന്നു.
പരമാധികാര – അഖണ്ഡ ഭാരത സങ്കല്പനങ്ങളിൽ തീവ്ര ദേശീയത കലർത്തിയെടുക്കുന്നതിൽ മോദി സർക്കാർ സദാ ശ്രദ്ധാലുക്കളെന്ന് ഇതനികം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ഭരണത്തിൻ കീഴിൽ രാജ്യത്തിൻ്റെ സുരക്ഷ തീർത്തും ഭദ്രമെന്ന് തെളിയിക്കേണ്ട അധിക ബാധ്യതയിലാണ് മോദി സർക്കാർ.
ആളികത്തിക്കപ്പെട്ടിട്ടുള്ള തീവ്ര ദേശീയതയെ മാനിച്ച് ചൈനക്കെതിരെ സൈനീകമായും സാമ്പത്തികമായും ഇന്ത്യയെ സജ്ജമാക്കുകയെന്ന അതീവ സമർദ്ദത്തിലാണ് മോദി സർക്കാർ. തീവ്ര ദേശീയ പ്രയോക്താക്കളുടെ ഇത്തരം സമ്മർദ്ദത്തിനടിപ്പെട്ട് പരമാവധി നയതന്ത്ര സാധ്യതകൾ പരിഗണിയ്ക്കാതെ ചൈനക്കെതിരെയുള്ള തീരുമാനങ്ങൾ അഭിലഷണീമായിരിക്കില്ലെന്ന് തിരിച്ചറിയുന്നുവരുണ്ട് മോദി വൃന്ദത്തിൽ. ചൈനയിൽ നിന്നുള്ള ഇറക്കുമതി നിരോധനം രാജ്യത്തെ തുറമുഖങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്ന മുതിർന്ന ബിജപി നേതാവു കൂടിയായ കേന്ദ്ര ചെറുകിട വ്യവസായ – ഉപരിതല വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന ഇവിടെ കുട്ടിവായിക്കപ്പെടേണ്ടതുണ്ട്. ചൈനീസ് ഉല്പന്ന ബഹിഷ്ക്കരണമെന്ന ഇന്ത്യയുടെ നീക്കം ശുദ്ധ മണ്ടത്തരമെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ രാഷ്ടീയ ഉപദേശകനായിരുന്ന സംഘപരിവാർ സൈദ്ധാന്തികൻ സുധീന്ദ്ര കുൽക്കർണിയുടെ അഭിപ്രായവും ഇവിടെ ശ്രദ്ധേയം (ഗ്ലോബൽ ടൈംസ്, 26-06-2020). മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും സീനിയർ ബിജെപി രാജ്യസഭാംഗവുമായ സുബ്രമണ്യസ്വാമിയും ചൈനയുമായുള്ള ബന്ധം പ്രത്യേകിച്ചും വ്യാപാര ബന്ധം വഷളാക്കുന്നതിനോട് വിയോജിപ്പിൻ്റെ സ്വരത്തിലാണ്.
മന്ത്രി ഗഡ്കരി – കുൽക്കർണി – സുബ്രമണ്യ സ്വാമി ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ ഒരു ഭാഗത്ത്. അതേസമയം തന്നെ ചൈനക്ക് ഒരു തിരിച്ചടിയെങ്കിലും നൽകാതിരിക്കുന്നത് മോദി സർക്കാരിന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്ന് സംഘപരിവാർ തിരിച്ചറിയുന്നുണ്ടുതാനും. ഈ തിരിച്ചറിവാണ് 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ട് പൊടുന്നനെയെടുത്ത തീരുമാനം.
രാജ്യത്തിൻ്റെ വിശാലമായ സാമ്പത്തിക താല്പര്യങ്ങളെ പാടെ അവഗണിച്ച് ചൈനക്കെതിരെ സൈനികമോ അതല്ലെങ്കിൽ സാമ്പത്തികമോയായ യുദ്ധ പ്രഖ്യാപനമെന്നതിൻ്റെ പ്രത്യാഘാതങ്ങളേറ്റുവാങ്ങാൻ രാജ്യം പര്യാപ്തമായിരിക്കില്ല. രാജ്യം നെഗറ്റീവ് ഗ്രോത്തിലേക്കെന്ന റിസർവ്വ ബാങ്ക് മുന്നറിയിപ്പ് ഇവിടെ കാണാതെപോകരുത്. ചൈനയെ നേരിടാൻ രാജ്യം സജ്ജമെന്ന അവകാശവാദവും നെഗറ്റീവ് ഗ്രോത്തെന്ന ആർബിഐ മുന്നറിയിപ്പും പൊരുത്തപ്പെടുന്നതേയില്ല.
യുദ്ധം ഇന്ത്യയുടെ സാമ്പത്തിക നിലയെ തകർക്കും
യുദ്ധസാഹചര്യം വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നത് സ്വഭാവികം. യുപിഎ ഭരണത്തിൽ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടവസ്ഥയിലായിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷ മോദി സർക്കാരിൻ്റെ കീഴിൽ സമ്പദ് വ്യവസ്ഥ ശുഭസൂചകമല്ലാത്ത അവസ്ഥയിലാണ്. കോറോണക്കാലമാകട്ടെ സമ്പദ് വ്യവസ്ഥയെ ഏറെ തളർത്തി . ശുഷ്ക്കമായ സാമ്പത്തികാവസ്ഥയിൽ 20000 ലക്ഷം കോടി കോറോണക്കാലാശ്വാസ പാക്കേജ് പ്രഖ്യാപിക്കുവാൻ രാഷ്ട്രീയമായി കേന്ദ്ര സർക്കാർ നിർബ്ബന്ധിക്കപ്പെട്ടു. ഇപ്പറഞ്ഞ കോടാനുകോടി പാക്കേജിനായുള്ള വിഭവ സമാഹരണമെന്നതിൽ ഒരു തിട്ടവുമില്ലാതെ കേന്ദ്ര സർക്കാർ നട്ടംതിരിയുകയാണ്.
ഇതിനിടെ പൊതുമേഖല കമ്പനികൾ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുവാനുള്ള നീക്കവും സജീവം. എന്നാൽ ഈ വിറ്റഴിയ്ക്കലിൽ നിന്ന് ലഭ്യമാകുന്ന കാശ് ചൈനയെ “നേരിടാൻ” ഉപയോഗിക്കേണ്ടിവരുമെന്നവസ്ഥ സൃഷ്ടിക്കപ്പെടുകയെന്നത് രാജ്യത്തിന് താങ്ങാനാകുന്നതിനു മുപ്പുറമാകും. ദുർബ്ബലമായ സാമ്പത്തികാവസ്ഥ മാനിയ്ക്കാതെ ഇനി അഥവാ ചൈനയെ സൈനീകമായി നേരിടുകയെന്നതാണെങ്കിൽ ഇന്ത്യക്ക് കറൻസി അച്ചടിക്കേണ്ടിവരും. അതാകട്ടെ പണപ്പെരുപ്പം വരുത്തിവച്ച് സമ്പദ് വ്യവസ്ഥയെ പിന്നെയും തളർത്തിയേക്കും. ഇതോടെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയെന്ന പ്രതീക്ഷ വീമ്പു പറച്ചിൽ മാത്രമെന്നതാണെന്ന് ഏറെ വ്യക്തമാകും.
ആഗോള വ്യാപര സംഘടനാ വ്യവസ്ഥകളെ പിൻപറ്റി ലോകമാസാകലം ചൈനീസ് നിക്ഷേപങ്ങൾ. ഇന്ത്യയും അതിശക്തമായ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താവാണ്. അതായത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂല്യവൽക്കരിക്കുന്നതിൽ രാജ്യത്തെ ചൈനീസ് നിക്ഷേേപങ്ങൾ ഒട്ടുമേ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. രാജ്യത്ത് ഇതിനകം 26 ബില്യൺ (നിർദ്ദിഷ നിക്ഷേഷേപമടക്കം) ഡോളർ ചൈനീസ് നിക്ഷേപം. മുഖ്യമായും ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും
സാങ്കേതിക വിദ്യാവികസ നത്തിലും കമ്പ്യുട്ടർ ഹാർഡ് വെയർ നിർമ്മാണ – സോഫ്റ്റ് വെയർ രൂപകല്പനയിലുമാണ് ചൈനീസ് നിക്ഷേപങ്ങൾ. ഇത് കാണാൻ കൂട്ടാക്കാതെ ചൈനക്കെതിരെ ‘തിരച്ചടി’യെന്നതിൻ്റെ പിറകെ പോയാൽ അത് ഇന്ത്യക്ക് ഗുണകരമായിരിക്കില്ല. ഈ സാമ്പത്തിക ശാസ്ത്രബോധം പ്രകടിപ്പിക്കാതിരിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായിമാറുമെന്ന് തിരിച്ചറിയപ്പെടണം. വൻ ചൈനീസ് നിക്ഷേപങ്ങളുടെ പിൻബലത്തിൽ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ചൈനയെ ‘തിരിച്ചടി’ച്ച് നഷ്ടപ്പെടുത്തരുത്. രാജ്യത്ത് ഇപ്പോഴെ തൊഴിലവസരങ്ങളില്ലാതെ നട്ടംതിരിയുന്ന യുവജനങ്ങൾക്കത് കൂനിന്മേൽ കുരുവാകും.
ബഹിഷ്കരണം ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാക്കും
ചൈനീസ് ഉല്പപന്ന ബഹിഷ്ക്കരണമെന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. ചൈനീസ് ഉല്പന്ന ളുടെ വിലക്കുറവ് ഇന്ത്യൻ ഉപഭോക്താവിന് വലിയൊരു അനുഗ്രഹം. കുറത്ത വിലയിൽ വിൽക്കപ്പെടുന്ന ചൈനീസ് നിർമ്മിത സ്മാർട്ട് ഫോണുൾപ്പെടെയുള്ളവ രാജ്യത്തെ താഴ്ന്ന വരുമാനക്കാരായവർക്കുപോലും പ്രാപ്യമാകുന്നു. ചൈനയ്ക്കെ തിരെ തിരിച്ചടിയെന്ന പേരിൽ ഇന്ത്യൻ വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സാങ്കേതിക വിദ്യ തുടങ്ങിയവ ഒരു സുപ്രാഭതത്തിൽ മാറ്റിനിറുത്തുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന ഡിജിറ്റൽ ഇന്ത്യയുടെ താളം തെറ്റിക്കും. വില കുറഞ്ഞ ചൈനീസ് സ്മാർട്ട് ഫോണുകൾ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണ പ്രക്രിയയിൽ വഹിക്കുന്ന പങ്ക് ചെറുതായി കാണപ്പെടേണ്ടതല്ല. ഇനി ചൈനീസ് ഉല്പപന്നങ്ങൾക്ക് പകരമെന്ത്? ഇതിന് ഇനിയും കൃത്യതയാർന്ന ഉത്തരവുമില്ല. മഹത്തരമെന്നവകാശപ്പെടുന്ന മെയക്ക് ഇൻ ഇന്ത്യ തുടങ്ങിയിടതു തന്നെ. സ്മാർട്ടു ഫോണുകൾപ്പെടെയുള്ളവയ്ക്ക് ജപ്പാൻ, കൊറിയ, അമേരിക്കൻ നിർമ്മിത ഉല്പന്നങ്ങളുടെ ഇറക്കുമതി ചൈനീസ് ഉല്പന്നങ്ങൾക്ക് പകരംമാകില്ല. ഇപ്പറഞ്ഞ രാഷ്ടങ്ങളിൽ ഉല്പാദന ചെലവ് കൂടുതലാണ്. അതിനാലവരുടെ ഉല്പന്നങ്ങളൾക്ക് വിപണിയിൽ ഉയർന്ന വിലയായിരിക്കും. താഴ്ന്ന വരുമാനക്കാരായ ബഹുഭൂരിപക്ഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇത്തരം വില കൂടിയ ഉല്പന്നങ്ങൾ താങ്ങാനാകില്ല. കാലത്തിനൊപ്പം സഞ്ചരിയ്ക്കുവാൻ ശേഷിയില്ലാതെ വലിയൊരു വിഭാഗം ഇന്ത്യൻ ജനത അരികുകളിലേക്ക് തള്ളി നീക്കപ്പെടുമെന്നവസ്ഥ ഇനിയും പൂർവ്വാധികം ശക്തിപ്പെടുമെ ന്നതായിരിക്കും ചൈനക്കെതിരെ യുടെ ‘തിരിച്ചടി’യിൽ അന്തർലീനമായിട്ടുള്ളതെന്നു ചുരുക്കം. മൊത്തം ചൈനീസ് കയറ്റുമതി ( 206. 81 ബില്യൺ യുഎസ് ഡോളർ – മെയ് 2020) യുടെ കേവലം രണ്ടു ശതമാനമാണ് ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി.
അതേസമയം മൊത്തo ഇന്ത്യൻ കയറ്റുമതി (446.4 6 ബില്യൺ യുഎസ് ഡോളർ – ഫെബ്രുവരി 2020) യുടെ എട്ട് ശതമാനമാണ് ചൈനയിലേക്കുള ഇന്ത്യൻ കയറ്റുമതി. ഇപ്പറഞ്ഞ വ്യാപാര കണക്കുകൾ കൂടി മുഖവില ക്കെടുത്തുവേണം ചൈനക്കെതിരെ തിരിച്ചടിയെന്നതിൽ വ്യാപൃതരാകേണ്ടത്.
ചൈനയെ സൈനീകമായി അതല്ലെങ്കിൽ സാമ്പത്തികമായി നേരിടുകയെന്നത് പല ആവൃത്തിച്ച് ചിന്തിച്ച് തീരുമാനത്തിലെത്തേണ്ട വിഷയം. ചൈനയെ നേരിടുകയെന്നതിലൂടെ ‘കീരിക്ക് മുമ്പിൽപ്പെട്ട പാമ്പി’ന് തുല്യമാകുന്നവസ്ഥയിൽ രാജ്യം അകപ്പെടുമെന്നതായിരിക്കും ആത്യന്തിക ഫലം. അതുകൊണ്ടുതന്നെ സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പാതയിലേറിയുള്ള നയതന്ത്ര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിലായിരിയ്ക്കണം ഇന്ത്യയുടെ മുഖ്യ ഊന്നൽ.