വൈപ്പിന്‍: കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്കി ശ്രദ്ധേയനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ വച്ച് നടക്കും.
കലാഭവന്മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങിയ മണിയുടെ ഹിറ്റു കാസറ്റുകള്‍ വിജയന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
മൂന്ന് മലയാള സിനിമകൾക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന് ഈണം പകർന്നു. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1983ല്‍ ഓണക്കാലത്തിറങ്ങിയ അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യത്തെ ആല്‍ബം. സുജായതയും മാര്‍ക്കോസും ചേര്‍ന്നാണ് ഇത് ആലപിച്ചത്.
വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ് വിജയന്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ.