കൊച്ചി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പത്തൊമ്പതാം ദിവസവും കുതിച്ചുയർന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ 19 ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂട്ടിയത്. പെട്രോളിനേക്കാള്‍ വില ഡീസലിന് കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ ഡീസലിന് വില ലിറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.08 രൂപയും, ഡീസലിന് 75.84 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതാണ് ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി പതിനെട്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
അതേസമയം, ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ കൂടുതല്‍ വില ഡീസലിന് വർധിപ്പിച്ചു. തുടര്‍ച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.
പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) 30% ആയി ഉയര്‍ത്തിയതാണ് ഡല്‍ഹിയില്‍ ഡീസല്‍വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75% എന്നിങ്ങനെയായിരുന്നു വാറ്റ്. മറ്റു വന്‍ നഗരങ്ങളിലെ വില പെട്രോള്‍, ഡീസല്‍ ക്രമത്തില്‍. കൊല്‍ക്കത്ത: 81.45, 75.06, മുംബൈ: 86.54, 78.22, ചെന്നൈ: 83.04, 77.12.