ഇസ്ലാമാബാദ്: പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെ രോഗബാധ നിഷേധിച്ച് മുഹമ്മദ് ഹഫീസ്. പാക്ക് ബോര്‍ഡ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ രണ്ടാമതും പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവായതെന്ന് ഹഫീസ് വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് ഹഫീസ് ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ സ്വന്തം നിലക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഹഫീസ് അഭിപ്രായപ്പെട്ടു.
“പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഞാന്‍ വീണ്ടും പരിശോധന നടത്തി. മറ്റൊരു അഭിപ്രായം കൂടി അറിയുന്നതിനു വേണ്ടിയായിരുന്നു ഇത്.. രണ്ടാമത് നടത്തിയ പരിശോധനയില്‍ ഞാനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയെല്ലാം ഫലം നെഗറ്റീവായി”- ഹഫീസ് ട്വീറ്റ് ചെയ്തു.
നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും 28ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്ന പാക് ടീമിനൊപ്പം ഹഫീസ് പോകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോസറ്റീവ് ആണെന്ന് കണ്ടെത്തിയവരും 25ന് നടക്കാനിരിക്കുന്ന പരിശോധനയില്‍ പോസറ്റീവ് ആവുന്നവരും ക്വാറന്റൈനില്‍ പോവണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
നേരത്തെ പാക് താരങ്ങളായ ഹൈദര്‍ അലി, ഷതാബ് ഖാന്, ഹാരിസ് റൗഫ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലാഹോറില്‍ നിന്ന് ഈ മാസം 28-ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചെസ്റ്ററിലേക്കു പോകാനിരുന്ന 29 അംഗ പാക് ടീമിലുള്ളവര്ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പി.സി.ബി അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള 35 അംഗ സാധ്യതാ ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്. ഇതിലാണ് ഹഫീസ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.