ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ചൈനീസ് ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നതായി റിപ്പോർട്ട്. ടെലികോം, ഫാർമ, മാധ്യമ സ്ഥാപനങ്ങൾ, സ്മാർട്ഫോൺ നിർമാതാക്കൾ, നിർമാണ-ടയർ കമ്പനികൾ എന്നിവയുടെ സൈറ്റുകളാണ് ഹാക്കർമാർ ലക്ഷ്യം വെക്കുന്നത്.
ചൈനീസ് സർക്കാറിന്റെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം, റിലയൻസ് ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ,മൈേക്രാമാക്സ്, സിപ്ല, സൺ ഫാർമ, എം.ആർ.എഫ്, എൽ ആൻഡ് ടി എന്നിവയുടെ സൈറ്റുകൾ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിസിന്സ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സൈബർ ഭീഷണികൾ സംബന്ധിച്ച അന്വേഷണം നടത്തുന്ന സിങ്കപുർ ആസ്ഥാനമായ സൈഫേമ റിസർച്ച് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിവരങ്ങൾ ചോർത്തി ഈ സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സൈഫേമയുടെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിൽ സൈബർ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ് ഹാക്കർമാർ വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സർക്കാറുമായി ബന്ധമുള്ള ഗോഥിക് പാണ്ട, സ്റ്റോൺ പാണ്ട എന്നീ ഹാക്കർ ഗ്രൂപ്പുകളാണ് സൈബർ ആക്രമണ ശ്രമങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയതായും സൈഫേമ പറയുന്നു.