ലാഹോര്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന് ടീമിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പര്യടനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഹൈദര്‍ അലി, ഷതാബ് ഖാന്, ഹാരിസ് റൗഫ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണ് (പിസിബി) ഇക്കാര്യം അറിയിച്ചത്. ഇവരിലാര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പി.സി.ബി അറിയിച്ചു.
മൂന്നു താരങ്ങളോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കമുണ്ടായവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രോഗവിമുക്തരാകുന്ന പക്ഷം ഇവര്‍ക്ക് ഇംഗ്ലണ്ടിലേക്കു പോകാന്‍ തടസമുണ്ടാകില്ല. എന്നാല്‍ ലഹോറില്‍നിന്ന് ഈ മാസം 28ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചസ്റ്ററിലേക്കു പോകുന്ന പാക് സംഘത്തോടൊപ്പം ഇവര്‍ക്ക് സഞ്ചരിക്കാനാകില്ല.
ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി മുന്‍ നിശ്ചയിച്ച പ്രകാരം റാവല്‍പിണ്ടിയില്‍ പരിശോധന നടത്തിയ മൂന്നു താരങ്ങളുടെ ഫലമാണ് പോസിറ്റീവായത്. അതേസമയം, റാവല്പിണ്ടിയില്ത്തന്നെ പരിശോധന നടത്തിയ ഇമാദ് വാസിം, ഉസ്മാന് ഷിന്‍വാരി എന്നിവര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.