ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള മുറവിളികളാണ് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിധ്വനിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ട് പകരം വീട്ടാനുള്ള ആഹ്വാനത്തിന്‍റെ ഭാഗമായി ഇന്ത്യക്കാര്‍ തങ്ങള്‍ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും മറ്റും തകര്‍ത്തെറിഞ്ഞും കത്തിച്ചും രാജ്യത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും കാട്ടി.
ചൈനീസ് ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്‍റുകള്‍, അവ ഇന്ത്യക്കാരുടേതാണെങ്കിലും, ഇന്ത്യന്‍ ഷെഫുകളാണ് വെച്ചു വിളമ്പുന്നതെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള വിഭവങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെങ്കിലും നിരോധിക്കണമെന്നാണ് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെയെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സൈനികരുടെ ക്രൂരമായ മരണത്തെക്കുറിച്ച് കേൾക്കുമ്പോൾ ഇന്ത്യക്കാരില്‍ ഇത്തരം പ്രകോപനങ്ങള്‍ സ്വാഭാവികമാണെങ്കിലും അതിര്‍ത്തി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും വ്യാപാര കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത് ഗുണം ചെയ്യുമോ?
നിലവിലുള്ള വ്യാപാരകമ്മിയാണ് ഇത്തരമൊരു തീരമാനത്തിലേക്ക് എത്തിച്ച ആദ്യ ഘടകം. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിമൂല്യം, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യത്തെക്കാള്‍ കൂടതലാണെന്നത് രാജ്യത്തിന്‍റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുകയോ മോശമാക്കുകയോ ചെയ്യില്ല. അതേ സമയം, യുകെ, യുഎസ്, നെതര്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര മിച്ചം പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഈ മൂന്ന് രാജ്യങ്ങളേക്കാള്‍ ശക്തമോ മികച്ചതോ ആണെന്ന് ഇതിനർത്ഥമില്ല. ചൈന, ഫ്രാൻസ്, ജർമ്മനി, നൈജീരിയ, ദക്ഷിണാഫ്രിക്ക, യുഎഇ, ഖത്തർ, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി 22 രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരകമ്മി നേരിടുന്നുണ്ട്.
ഒരു രാജ്യവും സ്വയം പര്യാപ്തമല്ല എന്നതാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ദൃഢമാക്കേണ്ടതിന്‍റെ പ്രാധാന്യം കാട്ടുന്ന വസ്തുത. അതിനാല്‍ വ്യാപാരകമ്മി നികത്താനുള്ള നയങ്ങള്‍ അവലംബിക്കുകയും, മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു പകരം, വ്യാപാരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ലോകത്തിനു മുന്നില്‍ രാജ്യത്തിന്‍റെ കാര്യക്ഷമത ദുര്‍ബലപ്പെടുത്തും.
ഇന്ത്യയില്‍ ഭൂരിഭാഗം വരുന്ന മദ്ധ്യവര്‍ഗവും പാവങ്ങളും വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കപ്പെടുമ്പോള്‍ വളരെ ബുദ്ധിമുട്ടും. ജപ്പാന്‍റെയും മറ്റു രാജ്യങ്ങളുടെയും വില കൂടിയ ഏസിയോ മൊബൈല്‍ ഫോണോ ഉപയോഗിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലതാനും. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള അവരുടെ അവകാശം കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ചില്ലറ വ്യാപാരികളാണ് അവിചാരിതമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമ്പോള്‍ നഷ്ടം നേരിടുന്ന മറ്റൊരു വിഭാഗം.
ആഭ്യന്തര വിപണിയിലേക്കും, ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ മിക്കവയും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണെന്നതാണ് മറ്റൊരു വസ്തുത. ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ നിര്‍മ്മാണമേഖലയെ ഇത് സാരമായി ബാധിക്കും.
ഈ വ്യാപാര നിരോധനത്തിലൂടെ ചൈനയ്ക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ചൈനയെ ബാധിക്കുന്നതിനേക്കാള്‍ അധികം ഇന്ത്യയെ ആയിരിക്കും ഈ വ്യാപാര നിരോധനം പ്രതികൂലമായി ബാധിക്കുക എന്നതാണ് സത്യം. കണക്കുകള്‍ പ്രകാരം, ഇന്ത്യയും ചൈനയും വ്യാപാരം നിര്‍ത്തിയാല്‍, ചൈനയ്ക്ക് കയറ്റുമതിയുടെ 3 ശതമാനവും ഇറക്കുമതിയുടെ 1ശതമാനത്തില്‍ താഴെയുമായിരിക്കും നഷ്ടപ്പെടുക. അതെ സമയം, ഇന്ത്യയ്ക്ക് കയറ്റുമതിയുടെ 5 ശതമാനവും ഇറക്കുമതിയുടെ 14 ശതമാനവും നഷ്ചപ്പെടും.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഈ വ്യാപാര നിരോധനം എല്ലാ തരത്തിലും ദോഷം ചെയ്യും. വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ രാജ്യത്തിന്‍റെ വിശ്വാസ്യതയും നിശ്ചയദാര്‍ഢ്യവുമാണ് നഷ്ടപ്പെടുന്നത്. ഒറ്റ രാത്രി കൊണ്ട് നയങ്ങള്‍ മാറുകയും, കരാറുകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നടപടി ആരോഗ്യകരമായി ആര്‍ക്കും തോന്നില്ല. ചൈനീസ് ചരക്കുകളുടെ ഉയർന്ന ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും വാദമുണ്ട്. എന്നാല്‍ ഇത്തരം നയങ്ങള്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെയും പ്രയോഗിക്കാം എന്ന ദീര്‍ഘ വീക്ഷണം ഗുണം ചെയ്യും. അതിനാല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ വ്യാപാര യുദ്ധത്തിലേക്ക് കലാശിക്കുന്നത് ബുദ്ധിയല്ല.