എംജി ഹെക്ടര്‍ പ്ലസ് ജൂലായിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ അനൗദ്യോഗിക ഡീലര്‍ഷിപ്പുതല ബുക്കിങ്ങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്.
എംജിയുടെ റെഗുലര്‍ മോഡലുമായി സാമ്യമുള്ള ഈ വാഹനം പുതിയ നിറങ്ങളില്‍ പ്രതീക്ഷിക്കാം. സ്റ്റാറി ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്. ഉത്പാദനം പൂര്‍ത്തിയായ ഈ വാഹനം തൊട്ടടുത്ത മാസങ്ങളില്‍ തന്നെ നിരത്തുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെയും ലോക്ക്ഡൗണിനേയും തുടര്‍ന്ന് അവതരണം മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂലായി രണ്ടാമത്തെ ആഴ്ച ഈ വാഹനമെത്തിയേക്കും.
സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ഇന്റീരിയറിന് കൂടുതല്‍ എക്സിക്യൂട്ടീവ് ഭാവം നല്കുന്നതുമൊഴിച്ചാല് റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്. നിലവിലെ ഹെക്ടറിലെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്സ്.
നിലവിലെ ഹെക്ടര്‍ എസ്യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്യുവികളുടെ വില.
ഹെക്ടര്‍ പ്ലസിന്റെ ഡിസൈന്‍ ശൈലയില്‍ അല്‍പ്പം പുതുമ ഒരുക്കുന്നുണ്ട്. മുന്‍ മോഡലിലെ ക്രോമിയം ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് റേഡിയേറ്റര്‍ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെഡ്ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല് ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാന, eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്നോളജി, പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്ട്രോള്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയില്‍ എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്.