ഹ്യുണ്ടായി സബ് കോംപാക്ട് എസ്യുവി വെന്യുവിന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പ് എത്തി. ഹ്യുണ്ടായി വെന്യു ഫ്ളെക്സ് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ദക്ഷിണ കൊറിയയിലാണ് അവതരിപ്പിച്ചത്.
ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിന് സ്പോര്‍ട്ടി ഭാവം നല്‍കിയാണ് ഫ്ളെക്സ് എഡിഷന് എത്തിയിരിക്കുന്നത്. നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്. മെക്കാനിക്കലായും വലിപ്പത്തിലും മാറ്റമൊന്നും വരുത്താതെ ദക്ഷിണ കൊറിയന്‍ വിപണികള്‍ക്ക് മാത്രമായി എത്തിച്ചിരിക്കുന്ന ഈ വാഹനത്തിന് ഏകദേശം 13.56 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന.
ഫ്ളെക്സ് എഡിഷന് കരുത്തേകുന്നത് ഹ്യുണ്ടായിയുടെ 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 121.2 ബിഎച്ച്പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് സിവിടി ട്രാന്സ്മിഷന് സമാനമായ സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്.
ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡുകള്‍ നല്‍കിയത് മുന്‍വശത്തിന് ഒരു പ്രീമിയം ഭാവം നല്കുന്നു. ഹെഡ്ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവ നിലവിലെ വെന്യുവില്‍ നിന്ന് കടമെടുത്തവയാണ്.
ബംമ്പറിന്റെ വശങ്ങളിലെ എയര്‍ ഇന്‍ ടേക്കുകള്‍ക്ക് പച്ച നിറം നല്കിയിരിക്കുന്നു. ഇതോടൊപ്പം ബംമ്പറിന്റെ താഴെ ഭാഗത്തായി ഗ്രീന്‍ ലൈന്‍ നല്കിയിട്ടുള്ളതും കൂടുതൽ പ്രീമിയം ഭാവം നല്കുന്നു. ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളാണ് നൽകിയിരിക്കുന്നത്. വശങ്ങളില് നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള റിയര്‍വ്യൂ മിററാണ് നല്‍കിയിട്ടുള്ളത്. ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ഫ്ളെക്സ് എഡിഷന് ബാഡ്ജിങ്ങ്, നിയോണ്‍ ഗ്രീന്‍ റൂഫ് എന്നിവയും പുതുമയാണ്.