ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐ.എം വിജയന് പത്മശ്രീ നാമനിർദ്ദേശം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയനെ നാമനിർദ്ദേശം ചെയ്തത്. വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1992-ലാണ് ഐ എം വിജയൻ ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. 92-നും 2003-നും ഇടയിൽ 79 മത്സരങ്ങളിലാണ് വിജയൻ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞത്. 79 മത്സരങ്ങളിൽ നിന്നായി 40 തവണ അദ്ദേഹം എതിരാളികളുടെ വല കുലുക്കി.
2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു വിജയന്. ഫുട്ബോളില്‍ രാജ്യത്തിൻ്റെ ഐക്കണ്‍ ആയി മാറിയ വിജയനെ രാഷ്ട്രം 2003 ല്‍ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് ഐ എം വിജയന് നേടിയത്. കരിയറില്‍ മോഹന്‍ ബഗാന്, എഫ്സി കൊച്ചിന്, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു.
1992, 1997, 2000 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഐഎഫ്എഫ് പ്ലേയർ ഓഫ് ദി ഇയറായിരുന്നു അദ്ദേഹം. ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന് വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി.
2006-ലാണ് അദ്ദേഹം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നത്.