തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പുറത്തുവിട്ടത്. ജയരാജൻ്റെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്നതാണ് ചിത്രങ്ങളാണ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
എൽഡിഎഫ് കൺവീനറുടെ കുടുംബത്തിൻ്റെ ”വൈദേകം റിസോർട്ട് ” കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ കുടുംബത്തിൻ്റെ “നിരാമയ വെൽനസ്സ് റിട്രീറ്റിൽ” ലയിപ്പിക്കുന്നു എന്നും പുറത്തുവിട്ട ചിത്രത്തിനൊടൊപ്പം ചാമക്കാല കുറിച്ചു. ഈ ബുദ്ധി ക്ലിഫ് ഹൗസ് അറിഞ്ഞിരുന്നേൽ “എക്സാലോജിക്” കേന്ദ്രമന്ത്രി ഏറ്റെടുത്തേനെയെന്ന പരിഹാസവും കോൺഗ്രസ് നേതാവ് പങ്കുവച്ചു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
അങ്ങിനെ LDF കൺവീനറുടെ കുടുംബത്തിൻ്റെ ”വൈദേകം റിസോർട്ട് ” കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ കുടുംബത്തിൻ്റെ “നിരാമയ വെൽനസ്സ് റിട്രീറ്റിൽ” ലയിപ്പിക്കുന്നു. നിരാമയയുടെ CEO അലൻ മച്ചാടോയുമുണ്ട് ഫ്രെയിമിൽ. അതോടെ വൈദേകം റിസോട്ടിനെതിരായ ED, IT അന്വേഷണം സ്വാഹാ….
#LDF=NDA
വാൽക്കഷ്ണം: ഈ ബുദ്ധി ക്ലിഫ് ഹൗസ് അറിഞ്ഞിരുന്നേൽ “എക്സാലോജിക്” കേന്ദ്രമന്ത്രി ഏറ്റെടുത്തേനെ….
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJChamakkala%2Fposts%2Fpfbid0wiRaBr4URJBERtiGH3Mheqr7CQvMvcTJ8xm6f8j7zxjCtZgYTQXqymQFzSmbgn66l&show_text=true&width=500
അതേസമയം, ഇപി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം രാജീവ് ചന്ദ്രശേഖർ നിഷേധിച്ചിരുന്നു. ജയരാജനെ താൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇ.പി. ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെങ്കിൽ ആരോപിക്കുന്നവർ തെളിയിക്കട്ടെ. കോൺഗ്രസിന് വികസനത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെയും കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് തന്ത്രമാണിത്. ഇത് 2014 ൽ കേട്ടുതുടങ്ങിയ നുണ 2024 വരെ നീളുന്നു. നുണയല്ലാതെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് ഒന്നും പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു..
രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മറുപടിയുമായി ഇ.പിയും രംഗത്തുവന്നു. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ കേന്ദ്ര മന്ത്രിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ ഉപദേശകൻ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ബന്ധം തെളിയിച്ചാൽ വി.ഡി സതീശന് എല്ലാ സ്വത്തുക്കളും എഴുതി തരാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം എന്നായിരുന്നു പ്രതിപക്ഷ നേതാവ് ജയരാജൻ്റെ മറുപടിക്ക് തിരിച്ചടിച്ചത്.കേന്ദ്ര മന്ത്രിയും എൽഡിഎഫ് കൺവീനറും തമ്മിൽ നേരത്തേ അന്തർധാരയായിരുന്നു. ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണ്. ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേകവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ബിജെപിയെ പേടിയാണെന്നും സതീശൻ പറഞ്ഞു.അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ഉപകരണമാണ് ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ജയരാജന് ഇത്ര സ്നേഹമെന്നും സതീശൻ പരിഹസിച്ചിരുന്നു.