പാലക്കാട്: പ്രധാന നരേന്ദ്ര മോദിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൻ്റെയും പൊലീസിൻ്റെയും ഉത്തരവ് വിവാദത്തിൽ. നാളെഎൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പാലക്കാട് എത്തുന്നുണ്ട്. രാവിലെ 10 മണിക്കാണ് നഗരത്തിൽ മോദിയുടെ റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.
നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ നേരത്തെ എത്താനാണ് നിർദേശം. രാവിലെ 7.30 ന് സ്കൂളിലെത്താനാണു വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.
നിർദ്ദേശത്തിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ മാനസികസമ്മർദം കൂട്ടുമെന്ന് രക്ഷിതാക്കൾ പറയുന്നു
രാവിലെ 9.30യ്ക്കു നടക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂർ മുമ്പ് സ്കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണു വിദ്യാർഥികൾക്കു ലഭിച്ച നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.ഈ സ്കൂളുകളിൽ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും സ്കൂളിൽ പരീക്ഷ എഴുതുന്നുണ്ട്.