പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം നടന്നു: പോലീസ് സ്ഥിരീകരിച്ചു

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം നടന്നതായി സ്ഥിരീകരിച്ച് പൊലീസ്. വിലപിടിപ്പുള്ള 15 വസ്തുക്കള്‍ നഷ്ടമായിട്ടുണ്ടെന്ന് പരിശോധന നടത്തിയ ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റം പറയുന്നു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സണ്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് എട്ടിനു വീട്ടില്‍ മോഷണം നടന്നുവെന്നാണു പരാതിയില്‍ പറഞ്ഞത്. സംഭവത്തില്‍ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന നടന്നത്. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടന്ന ശേഷമാണ് പോലീസ് മാധ്യമങ്ങളോട് സംസാരിച്ചത്. മോന്‍സന്റെ വീട്ടിലെ ചില വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ പുരാവസ്തുക്കളല്ല ഇവയെന്നും ഡിവൈ.എസ്.പി പറഞ്ഞു. വസ്തുക്കള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വീട് പൊളിച്ചല്ല മോഷ്ടാവ് അകത്ത് കയറിയതെന്നും ഇവിടെ നല്ല പരിചയമുള്ളയാളാകും സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. 

അതേസമയം, കൈക്കൂലി വാങ്ങിയെന്ന പരാതിയിലുള്ള വിജിലന്‍സ് അന്വേഷണത്തില്‍ റസ്റ്റം പ്രതികരിച്ചു. താന്‍ അന്വേഷണം തുടങ്ങുന്നതിനു മുന്‍പേ കൈക്കൂലി തന്നുവെന്നാണ് ആരോപണം. പോക്സോ കേസിലെ ഇരയ്ക്ക് പരാതിക്കാരാണ് പണം നല്‍കിയത്. 10 കോടി മോന്‍സന് നല്‍കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍, ബാങ്ക് രേഖയില്‍ രണ്ടു കോടി മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരന് അഞ്ചു ലക്ഷം രൂപ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതു ചോദ്യംചെയ്തതാണു തനിക്കെതിരെയുള്ള കള്ളപ്പരാതിയുടെ കാരണമെന്നും റസ്റ്റം പറഞ്ഞു.