ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പുർ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന് വൈദ്യുതി നൽകിയ വകയിൽ സഹസ്രകോടികൾ പിഴയായി ചോദിച്ച അദാനി പവർ ലിമിറ്റഡിന് സുപ്രീംകോടതിയിൽ തിരിച്ചടി. 1376.35 കോടി രൂപയാണ് പിഴത്തുകയായി കമ്പനി ചോദിച്ചത് എന്നാൽ. എന്നാൽ സുപ്രീംകോടതി 50000 രൂപപിഴ ചുമത്തി.
ശരിയായ നിയമവഴിയിലൂടെയല്ല പിഴത്തുക ആവശ്യപ്പെട്ട് കമ്പനി എത്തിയതെന്ന് ചൂണ്ടിക്കാട്ടി അര ലക്ഷം രൂപ പിഴ ചുമത്തി ഹർജി കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. അദാനിക്കുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി ഹർജി പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. തുടർന്ന് പിഴ ചുമത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.
വൈകിയ പണമടവിന് സർച്ചാർജ് ചോദിച്ച അദാനി പവർ ലിമിറ്റഡിന് അതിന് അർഹതയില്ലെന്ന മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ വാദിച്ചു.ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. 2020ൽ തങ്ങൾക്കെതിരായ വിധിക്കെതിരെ അദാനി പവർ ലിമിറ്റഡ് സുപ്രീംകോടതിയിൽ പുനപരിശോധന ഹരജി സമർപ്പിച്ചിട്ടില്ല. വൈകിയ പണമടവിന് സർച്ചാർജ് വേണമെന്ന ആവശ്യം അന്ന് ഉന്നയിച്ചിട്ടില്ല. ഇത്തരമൊരു അപേക്ഷ ഇപ്പോൾ നൽകിയത് ദുരുദ്ദേശ്യപരമാണെന്നും ദുഷ്യന്ത് ദവെ ചുണ്ടിക്കാട്ടി.