വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ റാപ്പറും ഡി.ജെയും റെക്കോർഡിങ് പ്രൊഡ്യൂസറുമായ ജോനാതൻ എച്ച്. സ്മിത്ത് ഇസ്‍ലാം മതം സ്വീകരിച്ചു. ലിൽ ജോൺ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മാർച്ച് 15ന് ലോസ് ആഞ്ജൽസിലെ കിങ് ഫഹദ് മസ്ജിൽ വെച്ചാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. അദ്ദേഹം ഇസ്‍ലാം സ്വീകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അമേരിക്കൻ എഴുത്തുകാനും ആക്ടിവിസ്റ്റുമായ ഷോൺ കിങിനു ശേഷം റമദാന്റെ ആദ്യ ആഴ്ചയിൽ ഇസ്‍ലാം മതം സ്വീകരിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് ജോൺ. ഇസ്‍ലാംമതം സ്വീകരിച്ച ക്ലാരൻസ് സീഡോർഫ്, ആൻഡ്രൂ ടേറ്റ്, കെവിൻ ലീ, ഗെർവോന്റ ഡേവിസ്, തോമസ് പാർട്ടി എന്നീ സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്കാണ് ലിൽ ജോണും എത്തിയിരിക്കുന്നത്.
1972ൽ ജോർജിയയിലെ അറ്റ്‌ലാന്റയിൽ ജനിച്ച ലിൽ ജോൺ 2000ത്തിന്റെ തുടക്കത്തിൽ അമേരിക്കയിൽ തരംഗം സൃഷ്ടിച്ച ഹിപ്‌ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്‌ഹോപ് സംഗീതത്തിന്റെ തുടക്കക്കാരിൽ ഒരാൾ കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്. ലിൽ ജോൺ-ഈസ്റ്റ് സൈഡ് ബോയ്‌സിനൊപ്പം അഞ്ച് ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്. യു.എസ് റാപ്പർമാരായ പിറ്റ്ബുൾ, ടൂ ഷോർട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏൾ ടൈവോൻ സ്റ്റീവൻസ് ജൂനിയർ എന്നിവരുടെ റെക്കോർഡ് പ്രഡ്യൂസറായും പ്രവർത്തിച്ചു.
ബിൽബോർഡ് മാഗസിന്റെ ‘ഹോട്ട് 100’ പട്ടികയിൽ ഉൾപ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാൾട്ട് ഷെയ്ക്കർ, സിലോൺ, ഗെറ്റ് ലോ, സ്‌നാപ് യോ ഫിംഗേഴ്‌സ്, ഡാമ്ൻ, ഫ്രീക്ക് എ ലീക്ക്, ലവേഴ്‌സ് ആൻഡ് ഫ്രണ്ട്‌സ്, ഗുഡീസ്, യഹ് ഇവയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആൻഡ്രെ 3000 ആനിമേഷൻ സീരീസിൽ വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്‌സ്, റോബോടമി, ഹെൽസ് കിച്ചൺ, ടൈനി ഹൗസ് നേഷൻ, ഹോളിവുഡ് ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി.