തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി. ആഭ്യന്തര വിമാനത്താവളത്തില്‍ താരത്തിനായി വന്‍ വരവേല്‍പ്പാണ് ഫാന്‍സ് ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിരുന്നു.
ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്.
വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയത്. നഗരത്തിന്റെ പലയിടങ്ങളിലായി നടന് സ്വാഗതമോതുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയി തിരുവനന്തപുരത്തുണ്ടാകും. സംവിധായകന് വെങ്കിട് പ്രഭു രണ്ടാഴ്ച്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചു.
ആരാധക കൂട്ടായ്മ വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ആരാധകരെ കാണാന്‍ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ.
14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തില്‍ വന്നിരുന്നു. ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്റെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭാവതാരണി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനാലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
വെങ്കിട് പ്രഭുവിന്റെ ചിത്രം ഒരു ടൈം ട്രാവല്‍ സയന്‍സ് ഫിക്ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എജിഎസ് എന്റര്‍ടെയ്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള താരം ജയറാം അടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 2നാണ് വിജയ് തന്റെ രാഷ്ട്രീയ പ്രസ്ഥാനമായ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചത്. ഈ സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ പുരോഗമിക്കുമ്പോള്‍ വിജയ് തന്റെ കരിയറിലെ 68മത്തെ ചിത്രമായ ദ ഗോട്ടിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.