ദോഹ: വിശുദ്ധ റമദാനിൽ ഖത്തറിലെ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമായി മുശൈരിബ് ഡൗൺടൗൺ മാറുന്നു. ഒരുകാലത്ത് കുടുംബങ്ങളുടെയും സാമൂഹിക കൂട്ടായ്മകളുടെയും ഒത്തുചേരൽ സ്ഥലമായിരുന്ന, ഏറെ ചരിത്രപ്രാധാന്യമുള്ള മുശൈരിബിൽ പ്രിയപ്പെട്ട ഓർമകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു മാസം നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശിൽപശാലകൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, മറ്റ് കമ്യൂണിറ്റി പരിപാടികൾ എന്നിവയുടെ വേദിയായി മുശൈരിബ് ഡൗൺടൗൺ മാറും. ആകർഷക നിർമിതികളും രൂപങ്ങളും, ബസാർ, ഗരങ്കാവോ മിനി ഫാഷൻ ഷോ, തത്സമയ പ്രകടനങ്ങൾ, റമദാൻ മത്സരങ്ങളും ഇവിടെ നടക്കും.
ദിവസവും രാത്രി 8.30ന് ആരംഭിക്കുന്ന പരിപാടി പുലർച്ചെ 1.30 വരെ നീളും. റമദാന്റെ ചൈതന്യം സ്വീകരിച്ച് ആത്മീയ അന്തരീക്ഷത്തിലുള്ള മുശൈരിബ് ഡൗൺടൗൺ പ്രിയപ്പെട്ട ഓർമകൾ പകർത്താനുള്ള അവസരം നൽകും. പരമ്പരാഗതവും സാംസ്കാരികവും മതപരവുമായ നിരവധി പരിപാടികളാണ് റമദാനുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്. പ്രദേശത്തെ താമസക്കാർക്കും സന്ദർശകർക്കും ഇഫ്താർ സമയമറിയിക്കുന്ന പരമ്പരാഗത പീരങ്കി മുഴക്കം ഈ വർഷം മുതൽ ഡൗൺടൗണിൽ സജ്ജമാക്കിയിട്ടുണ്ട്. മുശൈരിബ് പള്ളികളായ അൽ വാദി, മുശൈരിബ്, അൽ ബറാഹ എന്നിവിടങ്ങളിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രമുഖ പണ്ഡിതന്മാരും ഇമാമുമാരും ഇശാ, തറാവീഹ് നമസ്കാരത്തിനും പ്രാർഥനകൾക്കും നേതൃത്വം വഹിക്കും.
ഇന്നത്തെ സ്മാർട്ടും സുസ്ഥിരവുമായ കമ്യൂണിറ്റി ഹബ്ബായ മുശൈരിബ് ഡൗൺ ടൗൺ, നേരത്തേ തലമുറകളായി ഖത്തറിലെ ജനങ്ങളുടെ ഒത്തുചേരൽ ഇടമായാണ് അറിയപ്പെട്ടിരുന്നത്. ഈ പാരമ്പര്യത്തിന് തുടർച്ച നൽകുകയെന്ന ലക്ഷ്യത്താലാണ് റമദാൻ പോലെ സുപ്രധാന സമയങ്ങളിൽ ഒത്തുചേരാനുള്ള അവസരമൊരുക്കാൻ അധികൃതർ മുന്നോട്ട് വന്നിരിക്കുന്നത്.
പ്രധാന കമ്യൂണിറ്റി പരിപാടികൾ
പാഡൽ കോർട്ട്: റമദാനിലൂടനീളം കമ്പനി ഹൗസ് അങ്കണത്തിൽ തയാറാക്കിയ പ്രത്യേക പാഡൽ കോർട്ടിൽ കളിക്കാനുള്ള അവസരം. താൽപര്യമുള്ളവർക്ക് ചെറിയ ഫീസ് നൽകി ടൂർണമെന്റിന്റെയും മത്സരങ്ങളുടെയും ഭാഗമാകാം.
കരകൗശല പ്രവർത്തനങ്ങൾ: കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള കരകൗശല പ്രവർത്തനങ്ങളിൽ റമദാൻ വിളക്ക് നിർമാണ ശിൽപശാലകൾ, മൈലാഞ്ചി ആർട്ട് സെഷനുകൾ, കാലിഗ്രഫി ക്ലാസുകൾ എന്നിവ നടക്കും. തൽപരരായവർക്ക് നാമമാത്രമായ ഫീസ് നൽകി പങ്കെടുക്കാം.
റമദാൻ ശിൽപശാലകൾ: ഇസ്ലാമിക പാരമ്പര്യങ്ങൾ, കാലിഗ്രഫി, പാചക പ്രദർശനങ്ങൾ, ആത്മീയ പ്രവർത്തനങ്ങൾ തുടങ്ങി റമദാനിന്റെ വിവിധ വശങ്ങളിലൂന്നി യുവാക്കൾക്ക് സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.
റമദാൻ ഫോട്ടോഗ്രഫി പ്രദർശനം: ബറാഹത് മുശൈരിബിൽ പ്രാദേശിക ഫോട്ടോഗ്രഫർമാരുടെയും കമ്യൂണിറ്റി അംഗങ്ങളുടെയും സൃഷ്ടികൾ ഉൾക്കൊള്ളിച്ച് റമദാനിന്റെ ആത്മാവും സത്തയും പകർത്തുന്ന ചിത്രങ്ങളുടെ പ്രദർശനം. റമദാൻ കോർണർ: മൈലാഞ്ചി കലകൾ, ഈത്തപ്പഴം, ചായ, കാപ്പി എന്നിവയുമായി സമർപ്പിത റമദാൻ കോർണർ പാർക്ക് ഹയാതിനും ദോഹ ഡിസൈൻ ഡിസ്ട്രിക്ടിനും ഇടയിലെ വാദി സിക്കയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ