ഗസ്സ: ഗസ്സയിലെ അൽ-ഷിഫ ആശുപത്രിയില് വീണ്ടും ഇസ്രായേൽ ആക്രമണം. ഇന്ന് പുലർച്ചെയോടെ ആശുപത്രിയിലേക്ക് ഇസ്രായേൽ സേന വീണ്ടും ഇരച്ചുകയറി രോഗികളെയടക്കം കൂട്ടക്കൊല നടത്തി. നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പലായനം ചെയ്ത സാധാരണക്കാരും പരിക്കേറ്റ രോഗികളും മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ 30,000 ത്തോളം പേർ സമുച്ചയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീൻ എഴുത്തുകാരനും അൽജസീറ അറബിക് റിപ്പോർട്ടറുമായ ഇസ്മായിൽ അൽ-ഗൗൽ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി. ഇവരെ മർദിച്ചവശരാക്കിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, അൽ ജസീറ ലേഖകനെ മോചിപ്പിക്കണമെന്ന് പ്രസ് ഫ്രീഡം ഗ്രൂപ്പ് ആവശ്യപ്പെട്ടു.
#Gaza: RSF exige la libération du correspondant d’@AlJazeera Ismaeel Al Ghoul arrêté par l’armée 🇮🇱 à l’hôpital Al-Shifa. Il a été frappé, son matériel détruit. Cette attaque s’inscrit dans le cadre d’une répression continue d’Israël contre la presse 🇵🇸.
Cela doit cesser. pic.twitter.com/QiT2zNwvOF— RSF (@RSF_inter) March 18, 2024
ഇസ്രായേൽ സേന അഴിഞ്ഞാട്ടം തുടരുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അധിനിവേശ സൈന്യം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ 30,000ത്തോളം ഫലസ്തീനികൾ അൽശിഫ ആശുപത്രിയിലും പരിസരത്തുമായി അഭയാർഥികളായി കഴിയുന്നുണ്ട്. ഇവരും ആശുപത്രി ജീവനക്കാരും ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയുടെ സർജറി ബ്ലോക്കിലാണ് ഇസ്രായേൽ സേന അക്രമണം അഴിച്ചുവിട്ടുതുടങ്ങിയത്. ആശുപത്രിയുടെ പരിസരവും മുറ്റവും ബുൾഡോസറുകൾ ഉപയോഗിച്ചു കിളച്ചുമറിച്ചു.
ഒക്ടോബർ ഏഴിനുശേഷം നാലാം തവണയാണ് ഇസ്രായേൽ സൈന്യം അൽശിഫ ആശുപത്രിയിൽ വ്യാപക അക്രമം നടത്തുന്നത്. കഴിഞ്ഞ നവംബറിൽ അൽശിഫ ആശുപത്രിക്കുകീഴിൽ ഹമാസിന്റെ സൈനിക ബങ്കറുകൾ ഉണ്ടെന്നുപറഞ്ഞ് നടത്തിയ ആക്രമണത്തിൽ രോഗികളെയും ആരോഗ്യ പ്രവർത്തകരെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയത്.