പറവൂര്‍: ഭാര്യയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പറവൂര്‍ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജ്യോതിയുടെതാണ് വിധി. കൊടകര കാവുംതറ കരയില്‍ കളപുരക്കല്‍ ശിവദാസ(46)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2017 നവംബര്‍ 16-നാണ് കേസിന് ആസ്പദമായ സംഭവം. കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട തുരുത്തികരയില്‍ ഭാര്യവീട്ടിലായിരുന്നു ശിവദാസന്‍ ഭാര്യ ലേഖയ്ക്കും രണ്ട് മക്കള്‍ക്കും ഭാര്യമാതാവിനുമൊപ്പം താമസിച്ചിരുന്നത്. ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
സംഭവ ദിവസം രാവിലെ വീടിന്റെ ഇറയത്ത് ഇരുന്നിരുന്ന ലേഖയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് ശിവദാസന്‍ തലക്കടിച്ച് കൊലകൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഭാര്യ അപകടത്തില്‍പെട്ടു എന്ന് അയല്‍ക്കാരോട് പറഞ്ഞ് ഇളയ കുട്ടിയുമായി രക്ഷപെട്ട പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ബി. ഷാജി ഹാജരായി.