ദോഹ: നോമ്പിനിടയിൽ കളിയാവേശവുമായി ലോകകപ്പ് യോഗ്യത മത്സരമെത്തുന്നു. ഏഷ്യൻ കപ്പിൽ കിരീട നേട്ടത്തിനുശേഷം ആദ്യമായി ബൂട്ടുകെട്ടുന്ന ഖത്തർ വ്യാഴാഴ്ച കുവൈത്തിനെ നേരിടും. ജാസിം ബിൻ ഹമദ് സ്റ്റേഡിയം വേദിയാകുന്ന ലോകകപ്പ് 2026, ഏഷ്യൻ കപ്പ് 2027 യോഗ്യത മത്സരത്തിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചതായി ക്യു.എഫ്.എ അറിയിച്ചു.
രാത്രി 9.30 മുതലാണ് ഗൾഫിലെ മികച്ച ടീമുകളുടെ മിന്നും പോരാട്ടത്തിന് ഖത്തർ വേദിയാകുന്നത്. tickets.hayya.qa എന്ന ലിങ്ക് വഴി മാച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഹയ്യാ ആപ് വഴിയും ടിക്കറ്റുകൾ വാങ്ങാം. പത്ത് റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിനാണ് ഖത്തറും കുവൈത്തും ബൂട്ടുകെട്ടുന്നത്.
നേരത്തേ നടന്ന മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്താനെയും (8-1), ഇന്ത്യയെയും (3-0) തോൽപിച്ചിരുന്നു. കുവൈത്ത് ആദ്യമത്സരത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയതാണ് (1-0). രണ്ടാം അങ്കത്തിൽ അഫ്ഗാനിസ്താനെ 4-0ത്തിന് തോൽപിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ