ഏറ്റുമാനൂർ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. എറണാകുളം അങ്കമാലി സ്വദേശി ഡേവിസാണ്(67) പിടിയിലായത്. പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപയാണ് പ്രതി തട്ടിയത്. തെള്ളകം സ്വദേശിയുടെ ഭാര്യയുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി ജോലി ലഭിക്കുന്നതിനായി ആദ്യം രണ്ടര ലക്ഷത്തോളം രൂപ മാത്രം മുടക്കിയാൽ മതിയെന്നും ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നൽകിയാൽ മതിയെന്നുമാണ് പ്രതി പറഞ്ഞത്. എന്നാൽ വ്യാജമായി നിര്‍മിച്ച കാനഡയിലെ വർക്ക് പെർമിറ്റും മറ്റും കാണിച്ച് ഇവരിൽ നിന്നും പലതവണകളായി പണം തട്ടിയെടുത്തു. പത്ത് ലക്ഷത്തിൽപരം രൂപയാണ് ഇങ്ങനെ കൈക്കലാക്കിയത്.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐ കൊസൈജു., എ.എസ്.ഐ സജി, സി.പി.ഓ മാരായ ഡെന്നി, അനീഷ്, കെ.പി.മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.