ന്യൂഡൽഹി: ഡിസംബറിൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ.എഫ്.ഐ) പുതിയ കമ്മിറ്റിക്ക് അധികാരങ്ങൾ തിരിച്ചുനൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഫെഡറേഷൻ ഭരണം നിർവഹിക്കുന്നതിന് അഡ്ഹോക് കമ്മിറ്റിയെ കായികമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐ.ഒ.എ നിയോഗിച്ചിരുന്നു.
എന്നാൽ, ദേശീയ ഫെഡറേഷനു മേൽ അന്താരാഷ്ട്ര ബോഡി ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച സ്ഥിതിക്ക് അഡ്ഹോക് കമ്മിറ്റിയുടെ ആവശ്യം ഇനിയില്ലെന്ന് ഐ.ഒ.എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കമ്മിറ്റിക്ക് ഡബ്ല്യൂ.എഫ്.ഐ ഭരണം തിരിച്ചുനൽകിയ തീരുമാനം സ്വാഗതം ചെയ്ത് പ്രസിഡന്റ് സഞ്ജയ് സിങ് രംഗത്തെത്തുകയും ചെയ്തു.
താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റും ബി.ജെ.പി പാർലമെന്റ് അംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ കൂട്ടാളിയാണ് സഞ്ജയ്. മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്ക് ശേഷം ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് സിങ് നയിച്ച പാനലാണ് ജയിച്ചത്.