ബത്തേരി: മുൻ ഭാര്യയെ കുടുക്കാൻ കാറിൽ എംഡിഎംഎ വച്ചു കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പൊലീസ്. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്.
10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി.
ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. വില്‍പ്പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു.
ഒഎല്‍എക്സില്‍ വില്‍പ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നു തെളിഞ്ഞു.