കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി പ്രവാസികൾ. രാജ്യത്തെ ആറു ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റുകളിലും ഞായറാഴ്ച മുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടി ആരംഭിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആറു ഗവർണറേറ്റുകളിലായി ആയിരത്തോളം അപേക്ഷകൾ എത്തി. വരും ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണം കൂടും. മൂന്നു മാസത്തേക്ക് അനുവദിച്ച പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കും. ഈ കാലയളവിൽ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകള്‍ നിയമപരമാക്കാനും കഴിയും. കുവൈത്തിൽ കഴിയുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,20,000 റെസിഡൻസി നിയമലംഘകർക്ക് അവരുടെ നിയമപരമായ പദവി ഭേദഗതി ചെയ്യാൻ ഈ അവസരം ഉപയോഗപ്പെടുത്താം.
രാജ്യത്തെ അനധികൃത താമസക്കാർക്ക് നിലവിൽ പിഴ അടക്കാതെ രാജ്യം വിട്ടുപോകാനാകില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതോടെ പിഴ ഇല്ലാതെ രാജ്യം വിടാനും മറ്റൊരു വിസയിൽ മടങ്ങിയെത്താനും കഴിയും. അതേസമയം, പൊതുമാപ്പ് കാലയളവിൽ പിഴയടച്ച് രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വർക്ക് പെർമിറ്റും സ്പോൺസറും ലഭിക്കേണ്ടതിനാൽ പെർമിറ്റുകൾ പുതുക്കാനും സ്റ്റാറ്റസ് ക്രമീകരിക്കാനും സമയമെടുക്കുമെന്നാണ് സൂചന. സാമ്പത്തിക, ക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്കും ഇവ തീർപ്പാക്കുന്നതുവരെ പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കില്ല. ഇത്തരത്തിൽ ജുഡീഷ്യൽ നടപടികള്‍ നേരിടുന്നവര്‍ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന് അപേക്ഷ സമര്‍പ്പിക്കണം. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാനും കഴിയില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ