അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയും വന്‍കിട വികസനപദ്ധതികളെ അതിനോടു ചേര്‍ത്തുപറഞ്ഞും തീവ്രഹിന്ദുത്വ അജന്‍ഡയുമായി നീങ്ങുകയാണ് ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ രംഗപ്രവേശംചെയ്ത 2014-ല്‍, അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിനെതിരായ വികാരംകൂടിയായപ്പോള്‍ 80-ല്‍ 71 സീറ്റും ബി.ജെ.പി. പിടിച്ചു. 2019-ല്‍ ബി.ജെ.പി. ഒറ്റയ്ക്കു നേടിയത് 62 സീറ്റ്. എസ്.പി. രണ്ടുതവണയും അഞ്ചിലൊതുങ്ങി.
ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാരെ യു.പി.യില്‍നിന്നു സമ്മാനിച്ച കോണ്‍ഗ്രസിന് ഇന്ന് പ്രതാപം ഓര്‍മയില്‍ മാത്രം. 2019-ല്‍ അവര്‍ അമേഠിയും കൈവിട്ടു. പിന്നാക്ക, ദളിത്, ന്യൂനപക്ഷ മുദ്രാവാക്യമുയര്‍ത്തിയാണ് കുറച്ചുകാലമായി അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ പോരാട്ടം. 2017-ല്‍ നിയമസഭയിലേക്കു നേടിയ 47 സീറ്റില്‍നിന്ന് 2022-ല്‍ 111-ലേക്ക് അംഗസംഖ്യ വര്‍ധിപ്പിച്ചത് എസ്.പി.യുടെ നേട്ടമാണ്.
എസ്.പി.യും രാഷ്ട്രീയ ലോക്ദളും സുഹേല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യം 403 അംഗ യു.പി. നിയമസഭയില്‍ 125 സീറ്റു നേടിയപ്പോള്‍ എന്‍.ഡി.എ. സഖ്യത്തിന് 2017-ല്‍ നേടിയ 312-ല്‍നിന്ന് 273-ലേക്ക് താഴേണ്ടിവന്നു.
കര്‍ഷകസമരം, ഗുസ്തിതാരങ്ങളുടെ അമര്‍ഷം, ദളിത്, ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയിലെ അരക്ഷിതാവസ്ഥ മുതലായവ വിനയാകുമോയെന്ന ആശങ്ക ബി.ജെ.പി.യെ അലട്ടാതില്ല. പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് വോട്ടുവികാരം അനുകൂലമാക്കിയെടുക്കാന്‍ അന്തരിച്ച പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന സമ്മാനിച്ചതും ചരണ്‍സിങ്ങിന്റെ പേരമകന്‍ ജയന്ത് ചൗധരി നയിക്കുന്ന രാഷ്ട്രീയ ലോക്ദളിനെ എന്‍.ഡി.എ. പാളയത്തിലെത്തിച്ചതും യോഗി മന്ത്രിസഭ പിന്നാക്ക, ദളിത് പ്രാതിനിധ്യമുയര്‍ത്തി വികസിപ്പിച്ചതും അതിനാലാണ്.
സമീപകാലത്തുനടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതിനെതിരേ പാര്‍ട്ടിക്കകത്തുയര്‍ന്ന കലാപവും അത് മുതലെടുത്ത് ബി.ജെ.പി. മത്സരിപ്പിച്ച സ്ഥാനാര്‍ഥി അട്ടിമറിവിജയം നേടിയതും എസ്.പി.യിലെ അസ്വസ്ഥത മറനീക്കി. 2014-ലും 19-ലും വേറിട്ട് മത്സരിച്ച കോണ്‍ഗ്രസ് ഇക്കുറി ഇന്ത്യസഖ്യം പ്രാവര്‍ത്തികമാക്കാന്‍ എസ്.പി.യുമായി കൂട്ടുചേര്‍ന്നത് എങ്ങനെ പ്രതിഫലിക്കുമെന്നു കണ്ടറിയണം.