നിങ്ങൾ ശ്വാസമെടുക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? കാരണമിതാണ്

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരുമ്പോൾ പലരും നേരെത്തെ വരുന്ന ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയുകയാണ് പതിവ്. അതിനാൽ തന്നെ കൃത്യ സമയത്ത് ചികിത്സ എടുക്കാൻ കഴിയാതെ പോകും. 

നിങ്ങൾക്ക് ഇത്തരം ലക്ഷങ്ങളുണ്ടോയെന്ന് പരിശോധിക്കുക. ചിലപ്പോൾ വലിയ അസുഖങ്ങളുടെ തുടക്കമാകും 

ശ്വാസ തടസം

സാധാരണ ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ശ്വാസം ലഭിക്കാതെ വന്നാല്‍ ശ്രദ്ധിക്കണം. ബ്രോങ്കൈറ്റിസ്, ആസ്‌ത്മ, സിഒപിഡി(ക്രോണിക് ഒബ്‌സ്‌ട്രക്‌ടീവ് പള്‍മണറി ഡിസീസ്) തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണമാകാം ഇത്. കൂടാതെ ഹൃദ്രോഗത്തിന് ഇതേ ലക്ഷണം അനുഭവപ്പെടാം.

കട്ടിയായ മൂക്കൊലിപ്പ് 

ചുമയും ജലദോഷവും മൂക്കൊലിപ്പുമൊക്കെ പലരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ചുമയും മൂക്കില്‍നിന്നുള്ള സ്രവം(മൂക്കള) കട്ടിയായി പോകുന്നതും മൂന്നു മാസത്തില്‍ ഏറെ നീണ്ടുനിന്നാല്‍ അത് നിസാരമാക്കരുത്. ഇത് സിഒപിഡിയുടെ ലക്ഷമായിരിക്കും. ഉടന്‍ വിദഗ്ദ്ധ ചികില്‍സ തേടാന്‍ മടിക്കരുത്. 

രക്തം 

ഉമിനീരിലോ കഫത്തിലോ രക്താംശം കണ്ടെത്തിയാല്‍ അത് നിസാരമായി കാണരുത്. ന്യൂമോണിയ പോലെയുള്ള പ്രശ്‌നങ്ങളുടെ തുടക്കമായി ഇതിനെ കണക്കിലെടുക്കാവുന്നതാണ്. ഇത് നീണ്ടുനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. 

നെഞ്ചുവേദന 

സാധാരണഗതിയില്‍ നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്. എന്നാല്‍ ശ്വാസകോശ രോഗങ്ങള്‍ക്കും ഇതേ ലക്ഷണം കണ്ടുവരുന്നുണ്ട്. ചുമയ്‌ക്കുമ്പോഴും ശ്വസിക്കുമ്പോഴുമൊക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നത് ശ്വാസകോശ അണുബാധയുടെ ലക്ഷണമായിരിക്കും. 

സംസാരിക്കുമ്പോഴുള്ള ശ്വാസംമുട്ട് 

ശ്വാസമുട്ട് കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. ആസ്‌ത്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, അലര്‍ജി റിയാക്ഷന്‍ എന്നിവയുടെയൊക്കെ ലക്ഷണമാണ് ഇത്തരത്തിലുള്ള ശ്വാസമുട്ട്. 

ഗുരുതരമായ ചുമ 

സാധാരണഗതിയില്‍ പനി, ജലദോഷം എന്നിവയ്‌ക്ക് ഒപ്പം ചുമ പിടിപെടാറുണ്ട്. എന്നാല്‍ അത്തരം ചുമയൊക്കെ അസുഖം മാറുന്നതിനൊപ്പം ഭേദമാകാറുണ്ട്. രണ്ടാഴ്‌ചയില്‍ അധികമായി ഗുരുതരമായ ചുമ തുടരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇതും ബ്രോങ്കൈറ്റിസും ആസ്‌ത്മ, ന്യുമോണിയ എന്നിവയുടെ ലക്ഷണമാണ്