ടിപ്പറില്‍ നിന്ന് കല്ലുതെറിച്ചു വീണ് അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു; നിയന്ത്രണമില്ലാതെ മരണയാത്ര നടത്തുന്ന ടിപ്പറുകള്‍

ചിപ്പറില്‍ നിന്നും കല്ലുതെറിച്ചു വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മുക്കോല സ്വദേശി അനന്തുവാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നു രാവിലെ വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പറില്‍ നിന്നും തെറിച്ചു പോയ കല്ല്, ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അനന്തുവിന്റെ തലയില്‍ വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ക്കു ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. ചട്ടം ലംഘിച്ചുള്ള ടിപ്പറുകളുടെ യാത്രയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് കരിങ്കല്ല് എത്തിക്കുന്നത്. 

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് വിഴിഞ്ഞം പോര്‍ട്ടിലേക്ക് കല്ല് എത്തിക്കുന്നതും. അനന്തുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിഴിഞ്ഞത്തേക്കുള്ള കല്ലു നീക്കവും നിലച്ചിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത രീതിയില്‍ ടിപ്പറുകളില്‍ കല്ലും മണലും കൊണ്ടുപോകുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. ഇതിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നും പരാതിയുണ്ട്. നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് ടിപ്പര്‍ എത്തിയത്. 

കരിങ്കല്ല് വീണതോടെ അനന്തു സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിടുകയും അടുത്തുള്ള കെട്ടിടത്തില്‍ ഇടിക്കുകയുമായിരുന്നു. അഫകടം കണ്ടു നിന്നവരാണ് അനന്തുവിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. വിഴിഞ്ഞം പോര്‍ട്ടിലേക്ക് നിരന്തരം കല്ലുകൊണ്ടു പോകുന്ന ടിപ്പറുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളുകള്‍-ഓഫാസ് സമയമായ രാവിലെ 9 മണി മുതല്‍ 11 മണി വരെ വലിയ വാഹനങ്ങള്‍ നരോധിച്ചിരുന്നതാണ്. എന്നാല്‍, ഈ നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്നുള്ള യാത്രകളാണ് ഈ മേകലയില്‍ നടക്കുന്നത്. 

വലിയ വാഹനങ്ങള്‍ നിറഞ്ഞു സഞ്ചരിക്കുന്ന വിഴിഞ്ഞം റോഡില്‍ ചെറു വാഹനങ്ങള്‍ ഭയത്തോടെയാണ് ഓടിക്കേണ്ടത്. ഇത് നിത്യ സംഭവമായിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അനന്തുവിന്റെ മരണം കൂടെ സംഭവിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും അതു പാലിക്കാന്‍ കൂട്ടാക്കാത്ത ടിപ്പര്‍ ലോറിക്കാരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. 

 

Latest News