പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്സന് മാവുങ്കലിനെതിരേ റസ്റ്റത്തിന്റെ ഇടപെടല്‍ ചോദ്യം ചെയ്ത് പരാതിക്കാര്‍ വാര്‍ത്താസമ്മളനം നടത്തി. മോന്സന് മാവുങ്കലുമായുള്ള ഇടപാടില്‍ ഹവാല പണം ഉപയോഗിച്ചിട്ടില്ല. ഹവാല പണമാണെന്ന് തെളിയിക്കാന്‍ ഡിവൈഎസ്പിയെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു. കൊച്ചി പ്രസ്ക്ലബ്ബിലാണ് വാര്‍ത്താ സമ്മളനം നടത്തിയത്. മോന്സന് നല്കിയ പണത്തിന് ബാങ്ക് രേഖയുണ്ട്. ഡിവൈഎസ്പിക്കെതിരായ എല്ലാ തെളിവുകളും ഇഡിയ്ക്ക് കൈമാറുമെന്നും പരാതിക്കാര്‍ പറഞ്ഞു. മോന്സന് മാവുങ്കലിന് പരാതിക്കാര്‍ നല്‍കിയത് ഹവാല പണം ആണെന്നായിരുന്നു ഡിവൈഎസ്പിയുടെ ആരോപണം.
അതേസമയം, ക്രൈംബ്രാഞ്ച് ഡിവൈസ്പി റസ്റ്റം 2021 നവംബറില്‍ അനുമോള്‍, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കില്‍ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് പരാതിയില്‍ പറയുന്നത്. പണം നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ വഴി ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാര്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍, ഡിവൈഎസ്പി റസ്റ്റത്തിന്റെ ആരോപണം പരാതിക്കാരെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. മോന്‍സന്റെ കള്ളപ്പണം പണം കണ്ടെത്താന്‍ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാര്‍ പറയുന്നു.