സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താറുമറായതോടെ സമയം നീട്ടിക്കിട്ടാനുള്ള മാര്‍ഗം തേടി ഭക്ഷ്യ വകുപ്പ്. ഇതിനായി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാവില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിന് മുന്നിലെ വെല്ലുവിളി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം ലഭിക്കണമെങ്കില്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്. മഞ്ഞ-പിങ്ക് കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.
ഇതിനായി മാര്‍ച്ച് 31 വരെ സമയം നല്കി. എന്നാല്‍ സെര്‍വര്‍ തകരാര്‍മൂലം മസ്റ്ററിങും റേഷന്‍വിതരണവും പലസമയങ്ങളിലും മുടങ്ങി. ഒരേസമയം റേഷന്‍വിതരണവും മസ്റ്ററിങും നടക്കാതിരുന്നതോടെ മസ്റ്ററിങിന് മാത്രമായി സമയം നല്‍കിയെങ്കിലും ഇ പോസ് തകരാറിലായതോടെ പദ്ധതി പാളി. ഒരു കോടി 54 ലക്ഷം ആളുകള്‍ സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയത് 22 ലക്ഷത്തോളം ആളുകള്‍ മാത്രമാണ്.
നിലവില്‍ ഏറ്റവും അധികം ആളുകള്‍ മസ്റ്ററിങ് നടത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. കണ്ണൂരിലും തൃശൂരിലും മസ്റ്ററിങ്ങില്‍ മുന്നേറ്റമുണ്ട്. മറ്റ് ജില്ലകളിലെല്ലാം മൂന്നിലൊന്നുപോലുമായില്ല.
വിവിധ കാരണങ്ങളാല്‍ പതിനാറായിരത്തോളം ആളുകളുടെ മസ്റ്ററിങ് തള്ളിപോയി. സാങ്കേതിക തകരാറിന്റെ പശ്ചാത്തലത്തില്‍ മസ്റ്ററിങ് പൂര്‍ണമായി നിര്‍ത്തിയതോടെ കേന്ദ്രം അനുവദിച്ച സമയത്തിനകം മസ്റ്ററിങ് നടത്താന്‍ സര്‍ക്കാരിന് കഴിയില്ല. മഞ്ഞ- പിങ്ക് കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരിയടക്കമുള്ള സാധനങ്ങളുടെ ലഭ്യതയില്‍ കുറവ് വരും. മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിക്കാറായ ഘട്ടത്തിലാണ് കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചത്.