2024 പൊതുതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിവോട്ടര്‍മാര്‍ക്കും 85 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും മാതൃകാ പെരുമാറ്റച്ചട്ടം ജൂണ്‍ ആറ് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 28ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ നാല് ആണ്. സൂക്ഷ്മ പരിശോധ ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ എട്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.പ്രേംജിയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വരണാധികാരി.
തിരുവനന്തപുരം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലായി 2,730 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1,500 വോട്ടര്‍മാരാണ് ഒരു പോളിങ് സ്റ്റേഷനില്‍ ഉള്‍പ്പെടുന്നത്. 1,500ല്‍ അധികം വോട്ടര്‍മാര്‍ വരുന്ന ബൂത്തുകളില്‍ ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപിലൂടെ അറിയിക്കാവുന്നതാണ്. നൂറ് മിനിറ്റിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരമുണ്ടാകും. സി-വിജില്‍ ആപ് മുഖേന ഏറ്റവും അധികം പരാതികള്‍ തീര്‍പ്പാക്കിയ ജില്ല തിരുവനന്തപുരമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 127 സ്‌ക്വാഡുകളാണ് ജില്ലയില്‍ രൂപീകരിച്ചത്. 42 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, 42 ഫ്ളയിങ് സക്വാഡ്, 15 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്, 14 വീഡിയോ സര്‍വയലന്‍സ് ടീം ഉള്‍പ്പെടെ 113 സ്‌ക്വാഡുകള്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി 14 വീഡിയോ വ്യൂവിങ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓഫീസുകളിലും പരിസരപ്രദേശങ്ങളിലുമുള്ള സംഘടനകളുടെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളിലും റസ്റ്റ് ഹൗസുകളിലും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.പ്രേംജി, സ്വീപ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ അഖില്‍ വി മേനോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുധീഷ് ആര്‍., തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വഹീദ്, ഫിനാന്‍സ് ഓഫീസര്‍ ശ്രീലത. എല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.