തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ മ്യൂസിയം വളപ്പിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രചരണത്തിന് തുടക്കമിട്ടത്. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു പ്രധാനമായും പര്യടനം. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി മതനേതാക്കളേയും ഭക്തരേയും കണ്ടു. ഭവന സന്ദർശനങ്ങൾക്കും സമയം കണ്ടെത്തി. എൻഎസ്എസ് കരയോഗങ്ങളും, ശ്രീനാരായണ ഗുരു മന്ദിരങ്ങളും എസ്എൻഡിപി ശാഖകളും സന്ദർശിച്ചു. ബിജെപി പ്രാദേശിക നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു. എല്ലായിടത്തും മികച്ച വരവേൽപ്പാണ് ലഭിച്ചത്. തിരുനവനന്തപുരത്ത് ഒരു മാറ്റം അനിവാര്യമാണെന്നാണ് സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ ആവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള പ്രകടനമികവിലും വ്യക്തമായ വികസനക്കാഴ്ച്ചപ്പാടിലും പ്രതീക്ഷയുണ്ടെന്നാണ് വോട്ടർമാരുടെ പക്ഷം.
തൃക്കണ്ണാപുരം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൊങ്കാല അർപ്പിച്ചവരെ കണ്ടും രാജീവ് ചന്ദ്രശേഖർ വോട്ട് അഭ്യർത്ഥിച്ചു. പൊള്ളുന്ന വെയിലിലും പൊങ്കാല ചൂടിലും തളരാത്ത ആവേശത്തോടെ സ്ഥാനാർത്ഥി ഓരോ വോട്ടർമാർക്കും മുന്നിലെത്തി. ക്ഷേത്രം പ്രസിഡൻ്റ് സുനിൽകുമാർ, സെക്രട്ടറി അനിൽകുമാർ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കരുമം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലും രാജീവ് ചന്ദ്രശേഖർ ദർശനം നടത്തി. ഇവിടെ ധീവരസമുദായ അംഗങ്ങൾ വിവധ ആവശ്യങ്ങളുന്നയിച്ച് സ്ഥാനാർത്ഥിയെ കണ്ടു. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മുന്നിൽ നിരത്തി.
പൂജപ്പുര മുടവൻമുകൾ ലളിതാംബിക എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് വിശ്വനാഥൻ നായർ പൊന്നാട അണിയിച്ച് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പൂജപ്പുര എൻ.എസ്.എസ് കരയോഗത്തിലെത്തിയപ്പോൾ അദ്ദേഹത്തെ പ്രസിഡൻ്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി ശശിധരൻ നായർ, എന്നിവർ ചേർന്ന് സ്വീകരിച്ചു. പൂജപ്പുര മുടവൻമുകൾ ലളിതാംബിക എൻ.എസ്.എസ് കരയോഗത്തിലെത്തിയ സ്ഥാനാർത്ഥിക്കു മുമ്പിൽവച്ച പ്രധാന ആവശ്യം പൂജപ്പുരയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും റോഡ് നവീകരിക്കുന്നതിനുമുള്ള ഇടപെടൽ ആയിരുന്നു.
പാളയം ലത്തീൻ പള്ളി സന്ദർശിച്ച സ്ഥാനാർത്ഥി പത്തു ദിവസമായി പള്ളിയിൽ നടന്നുവന്ന ഔസേപ്പ് പിതാവിൻ്റെ തിരുന്നാൾ ഉത്സവത്തിൽ പങ്കെടുത്തു. വികാരി മോൺ. ഫാ. വിൽഫ്രഡ്, ഫാ. മനീഷ് പീറ്റർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയിലെ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിനുശേഷം സ്ഥാനാർത്ഥി കൊച്ചുവേളി സെൻ്റ് ജോസഫ് പള്ളിയും സന്ദർശിച്ചു. പള്ളി വികാരി ടോണി ഹാംലറ്റ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ചെറിയതുറ അസംപ്ഷൻ പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വികാരി ഫാ. സന്തോഷ് കുമാർ പനിയടിമ സ്വീകരിച്ചു. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കാര്യാലയത്തിലെത്തിയ സ്ഥാനാർത്ഥിയെ വൈസ് പ്രസിഡൻ്റ് അബൂബക്കർ, ഷാജഹാൻ, സുലൈമാൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.