സേലം: ഇൻഡ്യ മുന്നണിയിലെ കോൺഗ്രസും ഡി.എം.കെയും ഹിന്ദുമതത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും മറ്റു മതങ്ങൾക്കെതിരെ സംസാരിക്കാറില്ല. എന്നാൽ, ഹിന്ദു ധർമ്മത്തെ അവഹേളിക്കാൻ അവർക്ക് ഒരു നിമിഷം പോലും വേണ്ടെന്നും മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിന് സേലത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മറുപടി പറയുകയായിരുന്നു മോദി.
മാരിയമ്മനാണ് ഇവിടത്തെ ശ്കതി. തമിഴ്നാട്ടിൽ കാഞ്ചി കാമാക്ഷിയാണ് ശക്തി. മധുരൈ മീനാക്ഷിയാണ് ശക്തി. കോൺഗ്രസും ഡി.എം.കെയും ഇൻഡ്യ മുന്നണിയും പറയുന്നത് ഈ ശക്തിയെ ഇല്ലാതാക്കുമെന്നാണ്. ഹിന്ദുമതത്തിൽ ശക്തി എന്നാൽ സ്ത്രീ ശക്തിയും മാതാവിന്റെ ശക്തിയുമാണ്. ഇൻഡ്യ മുന്നണി പറയുന്നത് ഈ ശക്തിയെ ഇല്ലാതാക്കുമെന്നാണ്. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തമിഴ്നാട് തീരുമാനിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
കഴിഞ്ഞദിവസം തെലങ്കാനയിൽ നടന്ന റാലിയിലും രാഹുലിന്റെ ശക്തി പരാമർശത്തിനെതിരെ മോദി രംഗത്തുവന്നിരുന്നു. എന്നാൽ, തന്റെ വാക്കുകളെ മോദി വളച്ചൊടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.
കഴിഞ്ഞദിവസം മുംബൈയിൽ നടന്ന ഭാരത് ന്യായ് ജോഡോ യാത്രയുടെ സമാപന ചടങ്ങിലായിരുന്നു വോട്ടിങ് മെഷീനെ ചോദ്യം ചെയ്ത് രാഹുലിന്റെ ശക്തി പരാമർശം വരുന്നത്. ‘ഹിന്ദു മതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. നമ്മൾ ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. എന്താണ് ആ ശക്തി, അത് നമുക്ക് എന്താണ് നൽകുന്നത് എന്നതാണ് ചോദ്യം. വോട്ടുയന്ത്രത്തിന്റെ ആത്മാവും സമഗ്രതയും രാജാവിന് (മോദി) കൈമാറി. ഇതൊരു സത്യമാണ്. വോട്ടുയന്ത്രം മാത്രമല്ല, രാജ്യത്തെ എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും അത് ഇ.ഡിയോ ആദായ നികുതി വകുപ്പോ ആകട്ടെ, കേന്ദ്രത്തിന് തങ്ങളുടെ നട്ടെല്ല് പണയം വെച്ചിരിക്കുന്നു’ -രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ, നാരീശക്തിയെ തകര്‍ക്കാനാണ് ഇൻഡ്യ മുന്നണിയുടെ ശ്രമമെന്ന് തെലങ്കാനയില്‍ നടന്ന റാലിയിൽ മോദി പറഞ്ഞു. ശക്തിയെ ആക്രമിക്കുന്നത് സ്ത്രീശക്തിയെ ആക്രമിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ അമ്മമാരും പെണ്മക്കളും ഇൻഡ്യ മുന്നണിക്ക് ഇതിനുള്ള മറുപടി നല്‍കും. നാരീശക്തിയുടെ അനുഗ്രഹം തന്റെ ഏറ്റവും വലിയ കവചമാണ്. ഈ ശക്തിയുടെ ഉയര്‍ച്ചയെ കോണ്‍ഗ്രസ് വെറുക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.