വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ കാര്യത്തില്‍ വലിയ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി യു.എസ് സെനറ്റ് അംഗം ബെന്‍ കാര്‍ഡിന്. ഇന്ത്യന്‍ ഗവണ്മെന്റിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിലും അത് ഇന്ത്യയിലെ മുസ്ലീം സമുദായത്തെ എങ്ങനെ ബാധിക്കുമെന്നതിലും വലിയ ഉത്കണ്ഠയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ റമദാന് മാസത്തില്‍ ഇത് നടപ്പാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎസും തമ്മില്‍ നല്ല പരസ്പര ബന്ധമാണുള്ളത്. എന്നാല്‍ ആ ബന്ധം മതപരമായ വേര്‍തിരിവുകളില്ലാതെ എല്ലാവരുടെയും മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ബെന്‍ കാര്‍ഡിന് പറഞ്ഞു.
നേരത്തെ, സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവാണ് പ്രതികരിച്ചത്. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു. വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ൽ തങ്ങൾ പറഞ്ഞതുപോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യയുടെ അഭ്യന്തരകാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്നും സിഎഎ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവന, തെറ്റായതും തെറ്റായ വിവരമുള്ളതും അനാവശ്യവുമാണ് എന്നാണ് ഇന്ത്യ പ്രതികരിച്ചത്.