‘രാജ്യത്തെ ആദ്യ ബുള്ളെറ്റ് ട്രെയിൻ 2026 ൽ’; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

 

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

‘‘റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം. മറ്റ് രാജ്യങ്ങളില്‍ 1980കളില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്,’’ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡല്‍ഹി- വാരണസി (813 കി.മീ), ഡല്‍ഹി- അഹമ്മദാബാദ് (878 കി.മീ), മുംബൈ- നാഗ്പൂര്‍ (765 കി.മീ), മുംബൈ- ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബംഗളൂരു- മൈസൂര്‍ (435 കി.മീ), ഡല്‍ഹി- ചണ്ഡീഗഢ്- അമൃത്സര്‍ (459 കി.മീ), വാരണസി- ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന് 2022ല്‍ കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക വിദ്യ അതിവേഗം നവീകരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക, റെയില്‍വേ സാങ്കേതികവിദ്യയുടെ ഭാവി പരിപാലനത്തിനുള്ള ചിട്ടയായ പദ്ധതി, ഇന്ത്യന്‍ റെയില്‍വേ അരാഷ്ട്രീയവല്‍കരിക്കുക എന്നിവയാണത്. കഴിഞ്ഞ സര്‍ക്കാരുകള്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു.

 
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വികസിത് ഭാരതത്തിനായി സര്‍ക്കാര്‍ അടിത്തറ പാകികഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം 2016ലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് റെയില്‍വേയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് 19, 20 തീയതികളിലായാണ് സമ്മേളനം. ഉച്ചകോടിയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും.
 
രാഷ്ട്രീയം, കല, കോര്‍പ്പറേറ്റ് ലോകം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. അശ്വിനി വൈഷണവിനെ കൂടാതെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും സമ്മേളനത്തില്‍ പങ്കെടുക്കും.