കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ എന്ന വലിയ പ്രതീക്ഷയിലേക്ക് നോമ്പിനിടയിൽ കുവൈത്ത് ബൂട്ട് കെട്ടുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം അങ്കത്തിൽ വ്യാഴാഴ്ച കുവൈത്ത് ഖത്തറിനെ നേരിടും. ഖത്തർ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ രാത്രി 9.30നാണ് മത്സരം. ഗ്രൂപ് എ യിൽ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിനാണ് ഖത്തറും കുവൈത്തും ബൂട്ടുകെട്ടുന്നത്. കുവൈത്ത് ആദ്യമത്സരത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയിരുന്നു (1-0). രണ്ടാം അങ്കത്തിൽ അഫ്ഗാനിസ്താനെ 4-0ത്തിന് തോൽപിച്ചു. എന്നാൽ, ഖത്തർ അഫ്ഗാനിസ്താനെയും (8-1) ഇന്ത്യയെയും (3-0) തോൽപിച്ചിരുന്നു.
ഇതോടെ ഖത്തറിന് പിറകിൽ കുവൈത്ത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ ഓരോ കളികൾ ജയിക്കുകയും തോൽക്കുകയും ചെയ്ത ഇന്ത്യക്കും കുവൈത്തിനും മൂന്നു പോയൻറുകൾ ആണുള്ളത്. രണ്ടു കളികളും തോറ്റ അഫ്ഗാനിസ്താൻ നാലാം സ്ഥാനത്താണ്. ഖത്തർ ശക്തരായ എതിരാളി ആണെന്നതിനാൽ തോൽക്കാതെ പിടിച്ചു നിൽക്കാനായിരിക്കും കുവൈത്തിന്റെ ശ്രമം. തുടർന്ന് ഇന്ത്യയെയും അഫ്ഗാനിസ്താനെയും കീഴടക്കാനും കഴിഞ്ഞാൽ കുവൈത്തിന്റെ പ്രതീക്ഷകൾ പൂവണിയും. ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യ കപ്പ് പ്രവേശനവും ലഭിക്കുക
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ