കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ നിർണായക സാന്നിധ്യമായി പ്രവാസികൾ തുടരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ കണക്കനുസരിച്ച് 48,60,000 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15,46,000 കുവൈത്തികളും 33,13,000 വിദേശികളുമാണ്. 2023 ഡിസംബർ അവസാനം വരെയുള്ള കണക്കാണ് പുറത്തിറക്കിയത്. പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധന രേഖപ്പെടുത്തി. 31.82 ശതമാനം സ്വദേശികളും 68.18 ശതമാനം പ്രവാസികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. ഒരു വര്‍ഷത്തിനുള്ളില്‍ 94,000 പ്രവാസികളാണ് കുവൈത്തിലെത്തിയത്. എന്നാല്‍, ജനസംഖ്യ വർധനവുണ്ടായിട്ടും കുവൈത്തികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു സ്വദേശി ജനസംഖ്യ.
2014 മുതൽ 2023 വരെയുള്ള കാലഘട്ടത്തില്‍ പ്രവാസി ജനസംഖ്യയില്‍ 1.8 ശതമാനം വാർഷിക വളർച്ചാനിരക്ക് നിലനിർത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുവൈത്തി പൗരന്മാരില് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. 7,58,900 സ്വദേശി പുരുഷന്മാരും, 7,87,300 സ്ത്രീകളുമാണ് കുവൈത്തിലുള്ളത്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ 61.8 ശതമാനം ആണ്. 30,05,000 തൊഴിലാളികൾ രാജ്യത്തുണ്ട്. കുവൈത്തികളുടെ മൊത്തം എണ്ണത്തിന്റെ 32.3 ശതമാനമാണ് സ്വദേശികളുടെ തൊഴിൽ നിരക്ക്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
\