മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. പരാതിക്കാരി നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് തായ്ലൻഡ് സ്വദേശിനികളാണ് പിടിയിലായത്.
ബഹ്റൈനിൽ തൊഴിൽ നൽകാമെന്ന വ്യാജേന പരാതിക്കാരിയെ ഇവിടെ എത്തിക്കുകയും ശേഷം അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. പ്രതികൾ യുവതിയെ ക്യാപിറ്റൽ ഗവർണറേറ്റിലെ അപ്പാർട്മെന്റിൽ തടവിലാക്കുകയായിരുന്നു. ഇവരുടെ ഇഷ്ടമില്ലാതെയും സ്വാതന്ത്ര്യം നൽകാതെയുമാണ് പ്രതികൾ അനാശാസ്യത്തിലൂടെ പണം സമ്പാദിക്കാൻ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരെയും വിശദ ചോദ്യംചെയ്യലിന് വിധേയമാക്കുകയും കുറ്റം ഏറ്റുപറയുകയുമായിരുന്നു.
ഇരയായ യുവതിക്ക് പ്രവാസി സംരക്ഷണകേന്ദ്രത്തിൽ സുരക്ഷിതമായ താമസസൗകര്യമൊരുക്കി. മറ്റൊരു വ്യക്തിയെ ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ രണ്ടു മുതൽ ഏഴുവർഷം വരെ തടവാണ് ശിക്ഷ. ഇര 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ മൂന്നു മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ