തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി.എസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് രാവിലെയായിരുന്നു അപകടം. മുക്കോല സ്വദേശിയും നിംസ് കോളെജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല്് തെറിച്ച് വീണാണ് അപകടമുണ്ടായത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നാളെ നിംസ് കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വീട്ടില്‍ എത്തിക്കും.
ടിപ്പർ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.