മനാമ: ടൂറിസം മേഖലക്ക് കൂടുതൽ ശ്രദ്ധ നൽകാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. അറബ് ടൂറിസം തലസ്ഥാനം 2024 ആയി മനാമയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം പ്രസ്തുത മേഖലക്ക് നൽകേണ്ടതുണ്ടെന്നും സാമ്പത്തിക വളർച്ചക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കുമെന്നും കാബിനറ്റ് വിലയിരുത്തി.
മേഖലക്ക് കരുത്ത് പകരുന്നതിനും ഒരുമയും ഐക്യവും വിവിധ അറബ് രാഷ്ട്രങ്ങൾക്കിടയിൽ വർധിപ്പിക്കുന്നതിനും അറബ് ലീഗ് ശക്തമായ പങ്ക് വഹിച്ചതായി കാബിനറ്റ് വിലയിരുത്തി. അറബ് ലീഗ് രൂപവത്കരണത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ രൂപവത്കരണ ലക്ഷ്യം നേടുന്നതിൽ ഏറെ മുന്നോട്ടു പോയതായും അഭിപ്രായമുയർന്നു. ബഹ്റൈനിലെ യുവാക്കൾ രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും വഹിക്കുന്ന പങ്ക് വലുതാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു.
മാർച്ച് 25 ബഹ്റൈൻ യുവജന ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തൽ. സുന്നി, ജഅ്ഫരി ഔഖാഫുകൾക്ക് കീഴിൽ 32 പള്ളികൾ തുറന്നുകൊടുക്കുന്നതിനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിലയിരുത്തി.
റമദാനിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കാതിരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ചും കാബിനറ്റ് ചർച്ച ചെയ്തു. മത്സരാധിഷ്ഠിത വിപണിയിലൂടെ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ വിവിധ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. മാർക്കറ്റിൽ ആവശ്യമായ പരിശോധന തുടരുന്നതിന് നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇസ്ലാമോഫോബിയ തടയുന്നതിന് യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച പദ്ധതികളെ കാബിനറ്റ് സ്വാഗതം ചെയ്തു. വിവിധ മതങ്ങളും സംസ്കാരങ്ങളും ആശയങ്ങളും തമ്മിൽ സംവാദാത്മക സഹകരണമാണ് ബഹ്റൈൻ മുന്നോട്ടുവെക്കുന്നതെന്നും വ്യക്തമാക്കി. ബഹ്റൈൻ ഇ-ഗവർമെൻറ് ആൻഡ് ഇൻഫർമേഷന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ വിലയിരുത്തുകയും മൊത്തം 680 സേവനങ്ങൾ ഓൺലൈനിലേക്ക് മാറിയതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പുടിന് ആശംസകൾ നേർന്നു
മനാമ: റഷ്യൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാദ്മിർ പുടിന് ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരാണ് ആശംസകൾ അറിയിച്ചത്. പ്രസിഡൻറ് പുടിന് റഷ്യയെ ഏറ്റവും മെച്ചപ്പെട്ട രൂപത്തിൽ നയിക്കാനും രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികളുമായി മുന്നേറാനും സാധിക്കട്ടെയെന്ന് ആശംസയിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ