കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം തേടുന്ന പുരുഷന്റെ മതം നിർണയിക്കാൻ പരിച്ഛേദനാ പരിശോധന നടത്തണമെന്ന വിവാദ നിർദേശവുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് തഥാഗത റോയ്. എക്സിലാണ് (ട്വിറ്റർ) റോയ് വിവാദ നിർദേശം പങ്കുവെച്ചത്.
‘ഒരു പുരുഷൻ പരിച്ഛേദന ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് വലിയ കാര്യമാണ്! പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലിംകളെ സിഎഎ പൂർണമായും ഒഴിവാക്കുന്നു. അതിനാൽ, സംശയമുണ്ടെങ്കിൽ, ഈ പരിശോധന തികച്ചും ശരിയാണ്’ – എക്സിൽ കുറിച്ചു.
‘വളരെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ എൻജിനീയറിംഗ് കോളേജുകളിൽ പ്രവേശനം നേടുമ്പോൾ എല്ലാ പുരുഷന്മാരും ഒരു മെഡിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു, പുരുഷ ഡോക്ടറുടെ മുമ്പാകെയുള്ള ദേഹപരിശോധനയടക്കം ഇതിലുണ്ടായിരുന്നു. പരിച്ഛേദനം ചെയ്തിട്ടുണ്ടോ എന്നറിയാനായിരുന്നില്ലിത്, ആർക്കെങ്കിലും ഹൈഡ്രോസെൽ (വൃഷ്ണ മുഴ) ഉണ്ടോ എന്ന് അറിയാനായിരുന്നു. ആരും അതിനെ എതിർത്തിട്ടില്ല! ഇപ്പോൾ എന്തുകൊണ്ട് എതിർക്കുന്നു’ തന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് റോയ് രംഗത്തെത്തി.
അതേസമയം, വിവാദ പ്രസ്താവനയുടെ പേരിൽ മുൻ ബംഗാൾ ബിജെപി മേധാവി വലിയ വിമർശനം നേരിടുകയാണ്. സിഎഎ തെരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്നു ആളുകളെ ഉപദ്രവിക്കാൻ നടപ്പിലാക്കിയതാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ആരോപിച്ചിരുന്നു. തന്റെ സർക്കാർ ഇത് നടപ്പാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.